തോപ്പുംപടി: അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യ ഭരണത്തിൽനിന്ന് ലക്ഷദ്വീപിനെ മോചിപ്പിക്കണമെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ. ദ്വീപ് നിവാസികളുടെ യാത്രാദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തുറമുഖത്തെ ലക്ഷദ്വീപ് അഡ്മിനിസ്ടേഷന് മുന്നിൻ എൻ.സി.പി,​ എൻ.വൈ.സി , എൽ.എസ്.എ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലക്ഷദ്വീപ് നിവാസികളെ ഒറ്റപ്പെടുത്തിയുള്ള പകപോക്കൽ നടപടികളുടെ ഭാഗമായാണ് കപ്പൽ സർവ്വീസുകളുടെ എണ്ണം വെട്ടിക്കുറച്ചത്. അറ്റകുറ്റപ്പണികൾക്കെന്ന പേരിൽ കൊച്ചിൻ ഷിപ്പ്‌യാർഡിൽ കയറ്റിയിരിക്കുന്ന കപ്പലുകൾക്കായി പണം അനുവദിക്കാത്തത് മന:പൂർവ്വമാണെന്നും പി.സി.ചാക്കോ കൂട്ടിച്ചേർത്തു. പ്രശ്നപരിഹാരം അടിയന്തരമായി നടപ്പാക്കിയില്ലെങ്കിൽ കൂടുതൽ ശക്തമായ അടുത്തഘട്ട സമരം ഉടൻ ആരംഭിക്കുമെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ അറിയിച്ചു. എൻ.സി.പി ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദുൾ മുത്തലിബ്, സി.ആർ.സജിത്ത്, മുഹമ്മദ് അനീസ്, ലതികാ സുഭാഷ്, പി.ജെ.കുഞ്ഞുമോൻ, ടി.പി.അബ്ദുൾ അസീസ്, അഫ്സൽ കുഞ്ഞുമോൻ,​ കെ.ആർ.സുഭാഷ്, കെ.ജെ.പോൾ, മുരളീ പുത്തൻവേലി എന്നിവർ സംസാരിച്ചു.