കൊച്ചി: കൊച്ചിൻ സ്മാർട്ട് മിഷൻ നടപ്പിലാക്കിയ എറണാകുളം ജനറൽ ആശുപത്രിയിലെ ഇ-ഹെൽത്ത് സംവിധാനവും ഹെൽത്ത് എ.ടി.എമ്മും യൂറോപ്യൻ യൂണിയന്റെയും ഫ്രഞ്ച് സർക്കാരിന്റെയും എ.എഫ്.ഡിയുടെയും എൻ.ഐ.യു.എയുടെയും പ്രതിനിധികൾ സന്ദർശിച്ചു. പദ്ധതിയുടെ പ്രവർത്തനപുരോഗതിയിൽ സംഘം സംതൃപ്തി രേഖപ്പെടുത്തി.

സിറ്റീസ് (സിറ്റി ഇൻവെസ്റ്റ്‌മെന്റ് ടു ഇന്നോവേറ്റ് ഇന്റഗ്രേറ്റ് ആൻഡ് സസ്റ്റൈൻ) എന്ന പദ്ധതിയുടെ ഭാഗമായി കൊച്ചിയിലെ 12 ആശുപത്രികളിലാണ് സ്മാർട്ട് മിഷൻ ഇ-ഹെൽത്ത് സംവിധാനം നടപ്പിലാക്കുന്നത്. പാർപ്പിട, നഗരകാര്യ മന്ത്രാലയം, ഏജൻസി ഫ്രാൻസ് ഡെ ഡെവലപ്പ്മെന്റ് , യൂറോപ്യൻ യൂണിയൻ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. എ.എഫ്.ഡിയും യൂറോപ്യൻ യൂണിയനുമാണ് നഗരങ്ങൾക്കുള്ള സാമ്പത്തിക സഹായമായ ഗ്രാൻഡ് നൽകുന്നത്.

40 ൽ കൂടുതൽ രോഗപരിശോധന ഒരു പാരാ മെഡിക്കൽ സ്റ്റാഫിന്റെ സഹായത്തോടെ നടത്താനുള്ള സംവിധാനം ഈ ഹെൽത്ത് എ.ടി.എമ്മിൽ ഉണ്ട്. യൂറോപ്യൻ യൂണിയനെ പ്രതിനിധീകരിച്ച് ഹെഡ് ഒഫ് കോ - ഓപ്പറേഷൻ ഡാനിയേൽ ഹാച്ചസ്, ലാറന്റ് ലി ഡിനോയ്സ്, ജ്യോതി നായർ, ബിബേക് സന്ധു, പൗലോമി പോൾ എന്നിവരും കൊച്ചിൻ സ്മാർട്ട് മിഷൻ ജനറൽ മാനേജർ ആർ.രാജി, ജനറൽ ആശുപത്രി എ.ആർ.എം.ഒ രജിദേവ്, സ്മാർട്ട് സിറ്റി പ്രതിനിധികൾ ഇ-ഹെൽത്ത് ടീം എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.