കൊച്ചി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ സമൂഹം ഉണരണമെന്ന് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ. ഇക്കാര്യത്തിൽ ഓരോരുത്തരുടെയും ഭാഗത്തുനിന്ന് ജാഗ്രത ആവശ്യമാണെന്നും പോംവഴി കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ശിശുസൗഹൃദമായി നവീകരിച്ച എറണാകുളം പോക്‌സോ കോടതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായിരുന്നു. കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ പോക്‌സോ കോടതിയാണ് യാഥാർത്ഥ്യമായത്. ലൈംഗികാതിക്രമ കേസുകളിൽ മൊഴി കൊടുക്കാൻ എത്തുന്ന കുട്ടികൾ നേരിട്ട് പ്രതികളെ കാണേണ്ട സാഹചര്യം ഇതോടെ ഒഴിവാകും. വീഡിയോ കോൺഫറൻസ് വഴിയാകും കുട്ടിയെ ജഡ്ജി ഉൾപ്പെടെയുള്ളവർ കാണുന്നത്. എറണാകുളം അഡീഷണൽ ഡിസ്ട്രിക്‌സ് ആൻഡ് സെഷൻസ് കോടതിയോട് ചേർന്ന് താഴത്തെ നിലയിലാണ് ശിശുസൗഹൃദ പോക്‌സോ കോടതിയുള്ളത്. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ഹണി എം.വർഗീസ് അദ്ധ്യക്ഷനായി. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി കെ.സോമൻ, വനിതാശിശു വികസന വകുപ്പ് ഡയറക്ടർ ജി. പ്രിയങ്ക, ജില്ലാ ഗവൺമെന്റ് പ്ലീഡർ മനോജ് ജി. കൃഷ്ണൻ, എറണാകുളം ബാർ അസോസിയേഷൻ പ്രസിഡന്റ് അനിൽ എസ്. രാജ്, ജില്ലാശിശു സംരക്ഷണ ഓഫീസർ കെ.എസ്.സിനി തുടങ്ങിയവർ പങ്കെടുത്തു.