കൊച്ചി: പുതുവൈപ്പിൽ ഐ.ഒ.സി പ്ളാന്റ് സ്ഥാപിക്കുന്നതിനെതിരായ ജനകീയസമരത്തിൽ കുട്ടികളുമായി പങ്കെടുത്ത അമ്മമാർക്കെതിരെ ബാലനീതി നിയമപ്രകാരം രജിസ്റ്റർചെയ്ത കേസുകൾ ഹൈക്കോടതി റദ്ദാക്കി. 2017 ജൂൺ 16ന് നടന്ന സമരത്തിൽ ഒരുവയസുമുതൽ 12വയസുവരെ പ്രായമുള്ള കുട്ടികളുമായി സമരത്തിൽ പങ്കെടുത്തെന്ന് ചൂണ്ടിക്കാട്ടി മുളവുകാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ അമ്മമാർ നൽകിയ ഹർജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് വിധിപറഞ്ഞത്.

പുതുവൈപ്പ് ജംഗ്ഷനിൽനിന്ന് ഹൈക്കോടതി ജംഗ്ഷനിലേക്ക് കുട്ടികളുമായി സമരത്തിനുവന്ന അമ്മമാരുടെ നടപടി ബാലനീതി നിയമത്തിലെ സെക്ഷൻ 75 പ്രകാരം കുറ്റകരമാണെന്ന് വ്യക്തമാക്കിയാണ് പൊലീസ് കേസെടുത്തത്. കുട്ടികളുടെ സംരക്ഷണച്ചുമതലയുള്ളവർ അവരെ ഉപേക്ഷിക്കുന്നതും ആക്രമിക്കുന്നതും ചൂഷണംചെയ്യുന്നതും മനപ്പൂർവം അവഗണിക്കുന്നതും ഈവ്യവസ്ഥപ്രകാരം കുറ്റകരമാണ്. എന്നാൽ ഈ കേസിൽ അത്തരം സാഹചര്യങ്ങളൊന്നുമില്ലെന്ന ഹർജിക്കാരുടെവാദം ഹൈക്കോടതി അംഗീകരിച്ചു. കേസിൽ പൊലീസ് രേഖപ്പെടുത്തിയ ദൃക്‌സാക്ഷി മൊഴികളിൽ ഇത്തരം അതിക്രമങ്ങളുണ്ടായതായി പറയുന്നില്ലെന്നും കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും സിംഗിൾബെഞ്ച് വിലയിരുത്തി. മാത്രമല്ല ഹർജിക്കാർ സമരത്തിൽ പങ്കെടുത്തില്ലെന്നും സമരത്തിനുപോകുന്നവഴി അറസ്റ്റ് ചെയ്യുകയാണുണ്ടായതെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ് കേസ് റദ്ദാക്കിയത്.