കൊച്ചി: മന്ത്രിയുടെ അശ്ലീല വീഡിയോ നിർമ്മിക്കാൻ മുൻ ജീവനക്കാരിയെ സമ്മർദ്ദം ചെലുത്തിയ കേസിൽ അറസ്റ്റിലെ ക്രൈം വാരിക എഡിറ്റർ ടി.പി നന്ദകുമാറിന്റെ (ക്രൈം നന്ദകുമാർ) സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണമെന്ന് പരാതിക്കാരി. തനിക്കെതിരെ ഉയർന്ന ആരോപങ്ങൾളെ തള്ളി മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഇവർ ഇക്കാര്യം ആവശ്യപ്പെട്ടത്.

അശ്ലീല വീഡിയോ നിർമ്മിക്കാൻ തനിക്ക് വലിയ ഓഫറാണ് നന്ദകുമാർ നൽകിയത്. ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ചാനലിന്റെ റേറ്റിംഗ് കൂട്ടുകയായിരുന്നു ലക്ഷ്യം. ഇതിന് കൂട്ടുനിൽക്കാതിരുന്നതിനാൽ മാനസികമായി പീഡിപ്പിച്ചു. പല ഉന്നതരുടേയും ഫോണുകളിലേക്ക് വിളിക്കാൻ ജീവനക്കാരോട് നന്ദകുമാർ ആവശ്യപ്പെട്ടിരുന്നതായും പരാതിക്കാരി ആരോപിച്ചു. ഇവരുടെ പരാതിയിൽ പൊലീസ് കസ്റ്റഡിയിലുള്ള നന്ദകുമാറിന്റെ ശബ്ദ സാമ്പിൾ ഇന്നലെ അന്വേഷകസംഘം ശേഖരിച്ചു.

കാക്കനാട് ചിത്രാഞ്ജലി ലാബിൽ വെള്ളി രാവിലെ ഒമ്പതോടെയാണ് ശബ്ദസാമ്പിൾ റെക്കാഡ് ചെയ്യാൻ എത്തിയത്. കസ്റ്റഡി കാലാവധി പൂർത്തിയായതിനെതുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശബ്ദസാമ്പിളുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കും. അതേസമയം, ക്രൈം വാരികയിയിലെ ജീവനക്കാരിയുടെ പരാതിയിൽ നന്ദകുമാറിനെതിരെ പരാതി നൽകിയ വീട്ടമ്മയ്ക്കെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു. വീട്ടമ്മയും സുഹൃത്തും മോശമായി പെരുമാറിയെന്നുൾപ്പെടെയുള്ള കാര്യങ്ങളാണ് പരാതിയിലുള്ളത്. വീട്ടമ്മയുടെ സാമൂഹിക മാദ്ധ്യമത്തിലൂടെ ആക്ഷേപിച്ചെന്ന പരാതിയിൽ പാല സ്വദേശിക്കെതിരെ എറണാകുളം സൗത്ത് പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം.