തൃക്കാക്കര: ഹോട്ടലിൽ നിന്ന് വിളമ്പിയ ബിരിയാണിയിൽ പുഴുക്കളെ കണ്ടെത്തിയെന്ന് പരാതി. കാക്കനാട് ചെമ്പ് മുക്കിലെ ഒരു ഹോട്ടലിൽ നിന്ന് കഴിച്ച ബിരിയാണിയിലാണ് പുഴുക്കളെ കണ്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി .
പരിശോധനയിൽ പഴകിയ ഭക്ഷണങ്ങൾ കണ്ടത്താനായില്ല. നിരോധിത പ്ലാസ്റ്റിക് കാരിബാഗുകൾ ഹോട്ടലിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ പരിശോധനകൾ നടത്തി നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാവിഭാഗം അറിയിച്ചു. ഹോട്ടലിന്റെ സി.സി. ടി വി ദൃശ്യങ്ങൾ ആവശ്യപെട്ടിട്ടുണ്ടണ്ടന്നും അടുത്ത ദിവസം പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വെള്ളിയാഴ്ചയാണ് സ്വകാര്യസ്ഥാപനത്തിലെ എച്ച്.ആർ വിഭാഗത്തിലെ അക്ഷയ്ക്കും സുഹൃത്തിനുമാണ് ബിരിയാണിയിൽ നിന്ന് ജീവനോടെയുള്ള പുഴുക്കളെ ലഭിച്ചത്. ഫ്രൈ ചെയ്ത ചിക്കൻ അടർത്തിയെടുത്തപ്പോഴാണ് പുഴുക്കളെ കണ്ടത്. തുടർന്ന് ഇവർ ഹോട്ടൽ അധികൃതരെ അറിയിച്ചു. ഭക്ഷണം മാറ്റി നൽകി ബില്ല് നൽകേണ്ടതില്ലെന്നും പറഞ്ഞ് ഹോട്ടൽ ഉടമ ഇവരെ പറഞ്ഞയക്കുകയായിരുന്നു. ഇത് കണ്ട ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന മറ്റൊരാളാണ് ആരോഗ്യ സുരക്ഷാ വിഭാഗത്തിന് പരാതി നൽകിയത്. പുഴുവിനെ കണ്ടത്തിയ ബിരിയാണി കടയുടമ നശിപ്പിച്ചതായും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ നിതീഷ് റോയ് ,ജെന്നി ജോസഫ് , താരിഫ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.