വൈപ്പിൻ: എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിൽ ലഹരിവിരുദ്ധ വാരാചരണത്തിന് തുടക്കം. ഞാറക്കൽ പൊലീസുമായി സഹകരിച്ചാണ് 'ഡ്രൈവ് എഗെയ്ൻസ്റ്റ് ഡ്രഗ് ' എന്ന പേരിൽ വാരാചരണം സംഘടിപ്പിക്കുന്നത്. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റ്, നേവൽ എൻ.സി.സി, ജൂനിയർ റെഡ്‌ക്രോസ്, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, ലിറ്റിൽ കൈറ്റ്‌സ് തുടങ്ങിയ കേഡറ്റ് വിംഗുകളും മയക്കുമരുന്ന് വിരുദ്ധ ക്ലബ്ബും സംയുക്തമായി വിവിധ മത്സരങ്ങൾ നടത്തും.

ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.പി.എൻ. തങ്കരാജ് ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഞാറക്കൽ പൊലീസ് പ്രിൻസിപ്പൽ എസ്.ഐ എ.കെ. സുധീർ മയക്കുമരുന്ന് വിരുദ്ധ ക്ലബ്ബിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം കെ.ജെ. ആൽബി, ഹെഡ്മിസ്ട്രസ് സി.രത്‌നകല, പി.ടി.എ വൈസ് പ്രസിഡന്റ് കെ.എ.അബ്ദുൾ റസാഖ്, അദ്ധ്യാപകൻ ജോർജ് അലോഷ്യസ് എന്നിവർ സംസാരിച്ചു.