ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്ത് കുടുംബശ്രീയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട സംഭവത്തിൽ അംഗങ്ങൾക്കു ബാങ്കിന്റെ ജപ്തി നോട്ടീസ്. പഞ്ചായത്ത് 17-ാം വാർഡ് ശോഭന കുടുംബശ്രീയിലെ 7.32 ലക്ഷംരൂപയുടെ ഇടപാടിന്റെ പേരിലാണ് അംഗങ്ങൾക്ക് ബാങ്ക് നോട്ടീസ് അയച്ചത്. ബാങ്കിലേക്കുള്ള തിരിച്ചടവ് മുടങ്ങിയിരുന്നു.

ജൂൺ 30 നകം കുടിശിക ഉൾപ്പെടെയുള്ള തുക അടച്ചില്ലെങ്കിൽ ജപ്തി നടപടിയുമായി മുന്നോട്ടു പോകുമെന്ന് ബാങ്ക് നോട്ടീസിൽ പറയുന്നു. എന്നാൽ അംഗങ്ങൾ കൃത്യമായി പണം നൽകിയിട്ടും സി.ഡി.എസ് മുൻ വൈസ് ചെയർപേഴ്‌സൺ ബാങ്കിൽ അടയ്ക്കാതെ തിരിമറി നടത്തിയെന്ന ആരോപണം ഉയർന്നിട്ടുണ്ട്. 2016-21 കാലഘട്ടത്തിൽ കരുമാലൂർ പഞ്ചായത്ത് സി.ഡി.എസിൽ നടന്ന മുഴുവൻ സാമ്പത്തിക ഇടപാടുകളും
വിജിലൻസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് കരുമാലൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ യോഗം ചേർന്നു. സി.ഡി.എസ്. ചെയർപേഴ്‌സനും മെമ്പർ സെക്രട്ടറിക്കുമാണ് ഉത്തരവാദിത്വം. അതിനാൽ കുടുംബശ്രീയുടെ കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകൾ
വിജിലൻസ് അന്വേഷിക്കണമെന്നും തട്ടിപ്പു നടത്തിയവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എം.അലി ആവശ്യപ്പെട്ടു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ വി.പി.അനിൽകുമാർ, സി.എസ്.സുനീർ, കെ.എം.ലൈജു, ജി.വി.പോൾസൻ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.