വൈപ്പിൻ: മുനമ്പം കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് സ്‌ക്വാഡ് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി അപാകതകൾ കണ്ടെത്തി. സാധുവായ ലൈസൻസ് ഇല്ലാതെയും ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാരെ ഉപയോഗിച്ചുമുള്ള സ്ഥാപന നടത്തിപ്പ് മുതൽ മാലിന്യ പരിപാലനത്തിലെ വീഴ്ചയും പുകയില ഉപയോഗവും വിൽപ്പനയും അടക്കമുള്ള നിയമലംഘനങ്ങൾ ഇവയിൽപ്പെടും.
സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും തലങ്ങളിലും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലും നിലവാരം ഉറപ്പാക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിച്ചു. അഞ്ച് സ്ഥാപനങ്ങളിൽ നിന്ന് ഉടനടി പിഴ ഈടാക്കുകയും മറ്റുള്ള സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും പരിഹാര നടപടികൾക്ക് സമയപരിധി നിശ്ചയിക്കുകയും ചെയ്തു. പ്ലാസ്റ്റിക് കാരിബാഗുകളുടെ നിയന്ത്രണം കർശനമാക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വൃത്തിയാക്കി ഹരിത കർമ്മസേനക്ക് കൈമാറുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെയുള്ള നടപടികൾക്കും തുടക്കമായി. ഹെൽത്ത് സ്‌ക്വാഡിന് പി.ജി.ആന്റണി, എ.കെ.നിഷ, ആനന്ദ് സാഹർ, ആര്യ നടേശൻ എന്നിവർ നേതൃത്വം നൽകി.