കൊച്ചി: അഭിഭാഷക ക്ഷേമനിധി തട്ടിപ്പിനെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും കേസിന് അയൽസംസ്ഥാന ബന്ധമുള്ളതിനാൽ അന്വേഷണം ഏറെ സങ്കീർണമാണെന്നും സി.ബി.ഐ ഹൈക്കോടതിയിൽ വ്യക്തമാക്കി. കേസിൽ നാലുമുതൽ ഒമ്പതുവരെ പ്രതികളായ അനന്തരാജ്, മാർട്ടിൻ, ജയപാലൻ, ആർ. ജയപ്രഭ, രാജഗോപാൽ, ഫാത്തിമ ഷെറിൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്താണ് സി.ബി.ഐ ഇക്കാര്യം വിശദീകരിച്ചത്.
7.61കോടിരൂപയുടെ തട്ടിപ്പാണ് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയത്. അഭിഭാഷക സ്റ്റാമ്പുകൾ വ്യാജമായി നിർമ്മിച്ച് വിറ്റിട്ടുണ്ടെങ്കിൽ തട്ടിപ്പിന്റെവ്യാപ്തി ഇനിയുംകൂടും. വ്യാജസ്റ്റാമ്പുകൾ വിറ്റിട്ടുണ്ടോയെന്ന് കണ്ടെത്താൻ ഫോറൻസിക് ഓഡിറ്റിംഗ് വേണം. മധുരയിൽ ആയുർവേദ,സിദ്ധ ആശുപത്രി നിർമ്മിക്കാനായി തമിഴ്‌നാട് സ്വദേശിയായ മുത്തുവിന് പണം നൽകിയതായി ഒന്നാംപ്രതിയും ബാർ കൗൺസിൽ മുൻ അക്കൗണ്ടന്റുമായ ഒന്നാംപ്രതി എം.കെ. ചന്ദ്രനും രണ്ടാംപ്രതി ബാബു സ്‌കറിയയും പറയുന്നു. എന്നാൽ മുത്തുവിനെ ഇനിയും കണ്ടെത്താനായിട്ടില്ല. ചന്ദ്രനും ബാബുസ്കറിയയ്ക്കും പുറമേ മൂന്നാംപ്രതിയായി ചന്ദ്രന്റെ ഭാര്യ ശ്രീകലയെയും വിജിലൻസ് പ്രതിചേർത്തിരുന്നു. ബാബുസ്‌കറിയയുടെ അക്കൗണ്ടിലേക്ക് മൂന്നുകോടിരൂപയും ശ്രീകലയുടെ അക്കൗണ്ടിലേക്ക് 96ലക്ഷം രൂപയുമെത്തി. കേരള ലോക്കൽ ഫണ്ട് ഓഡിറ്റർ നടത്തിയ പരിശോധനയിൽ 6.72 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പിന്നീട് നടത്തിയ ഓഡിറ്റിലാണ് 7.61കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് വ്യക്തമായത്. 2007 മുതൽ 2017വരെ നടന്ന പണമിടപാടുകൾക്ക് വ്യക്തമായ രേഖകളില്ല. പണം എങ്ങനെ ശേഖരിച്ചെന്നോ വിനിയോഗിച്ചെന്നോ ആരും പരിശോധിച്ചിരുന്നില്ല. ട്രസ്റ്റ് കമ്മിറ്റി ഇതിൽ വീഴ്‌ചവരുത്തിയെന്നും സി.ബി.ഐ വ്യക്തമാക്കി. പ്രതികൾക്ക് മുൻകൂർജാമ്യം നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സി.ബി.ഐയ്ക്കുവേണ്ടി അസി. സോളിസിറ്റർ ജനറൽ എസ്. മനു രേഖാമൂലം നൽകിയ എതിർപ്പിൽ വ്യക്തമാക്കുന്നു.