കൊച്ചി: രാഹുൽഗാന്ധി എം.പിയുടെ ഓഫീസിന് നേരെയുണ്ടായ അക്രമത്തിനെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധം. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തിറങ്ങി. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ഓഫീസിൽനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം എം.ജി റോഡ് ചുറ്റി സമാപിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്രമുഖ നേതാക്കൾ പ്രതിഷേധങ്ങളിൽ അണിനിരന്നു. ആലുവയിൽ നടന്ന പ്രതിഷേധത്തിന് അൻവർ സാദത്ത് എം.എൽ.എ നേതൃത്വം നൽകി. മുതിർന്ന കോൺഗ്രസ് നേതാക്കളും പോഷക സംഘടകളും പ്രതിഷേധവുമായി രംഗത്തെത്തി. എസ്.എഫ്.ഐ പ്രവർത്തകരെ അയച്ച് രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമിച്ചാൽ പേടിച്ച് മാളത്തിലൊളിക്കുന്നവരല്ല കോൺഗ്രസുകാരെന്ന് ബെന്നി ബെഹനാൻ എം.പി പറഞ്ഞു. ഓഫീസ് അടിച്ചു തകർത്ത നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന കമ്മിറ്റി പറഞ്ഞു. ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരാണ് നിലപാട് അറിയിക്കേണ്ടതെന്നിരിക്കേ കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ പ്രതിനിധിയല്ലാത്ത രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ചു തകർത്തത് ജനാധിപത്യ വ്യവസ്ഥിതിക്ക് നേരെയുള്ള കടന്നാക്രമണമാണെന്നും കേരളാ പ്രദേശ് ഗാന്ധി ദർശൻവേദി പറഞ്ഞു.