
ആലുവ: ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ മദ്ധ്യവയസ്കനെ പൊലീസും ആരോഗ്യ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ആശുപത്രിയിലാക്കി. ചൂർണിക്കര ഗ്രാമ പഞ്ചായത്തിൽ അമ്പാട്ടുകാവിന് സമീപം സജിതാലയത്തിൽ രാധാകൃഷ്ണൻ (54) നെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്.
വർഷങ്ങളായി ഭാര്യയുമായി രാധാകൃഷ്ണന് ബന്ധമില്ല. ഒരു മകൾ ഉണ്ടെങ്കിലും വിവാഹിതയായി മറ്റെവിടെയോയാണ് താമസം. രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. ഇവരെ കുറിച്ചും നാട്ടുകാർക്ക് കൂടുതൽ വിവരങ്ങളില്ല. ഒരു സഹോദരൻ വല്ലപ്പോഴുമെത്തി ഭക്ഷണം നൽകും. ഒന്നര വർഷത്തോളമായി ഇതേ അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.
നല്ല സാമ്പത്തിക നിലയിലുള്ളവരാണ് സഹോദരങ്ങൾ. അഞ്ച് സെന്റിലെ വീട്ടിൽ ഇയാൾ തനിച്ചാണ് താമസിച്ചിരുന്നത്. വീടിന്റെ ഗേറ്റിന്റെ ഒരു താക്കോൽ അയൽവാസിക്ക് നൽകിയിട്ടുണ്ട്. നാട്ടുകാർ ഗേറ്റിന്റെ താഴ് തകർക്കാൻ തുടങ്ങിയപ്പോഴേക്കും അയൽവാസിയെത്തി താക്കോൽ നൽകി.
അഞ്ച് ദിവസമായി ഭക്ഷണം ലഭിച്ചിട്ടില്ലെന്നാണ് രാധാകൃഷ്ണൻ പറയുന്നത്. വലത് കാൽ പൊട്ടി വൃണമായ അവസ്ഥയിലായിരുന്നു. ഇതേതുടർന്ന് പഞ്ചായത്തിന്റെ പാലിയേറ്റീവ് വിഭാഗത്തെ വിളിച്ചു വരുത്തി വൃത്തിയാക്കിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വാർഡ് അംഗം രാധാകൃഷ്ണന്റെ സഹോദരിയെ ബന്ധപ്പെട്ടെങ്കിലും അവർ കൈയൊഴിഞ്ഞു. രാധാകൃഷ്ണന എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കൾക്കെതിരെ ഇന്ന് ആലുവ പൊലീസിൽ പരാതി നൽകുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.