കോതമംഗലം: വാവേലി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാകുന്നു.ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാവേലി പ്രദേശത്തെ ജനങ്ങൾ ഭീതിയുടെ മുൾമുനയിലാണ് കഴിയുന്നത്. കാട്ടാനശല്യം രൂക്ഷമായതോടെ ഇരുട്ട് വീണാൽ വീടുകൾക്കുള്ളിൽ ഭയന്ന് കഴിയേണ്ട അവസ്ഥയിലാണ് പ്രദേശവാസികൾ.മുമ്പ് കൃഷിയിടങ്ങളിൽ മാത്രം ഇറങ്ങിയിരുന്ന ആനകൾ ഇപ്പോൾ വീടുകളുടെ സമീപത്തും എത്തുകയാണ്. രാത്രികാലങ്ങളിൽ വീടുകൾക്ക് അരികിൽ എത്തുന്ന ആനകൾ വളർത്തുമൃഗങ്ങളെെയും ഉപദ്രവിക്കുന്നു.
വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ വാവേലി ചിരട്ടക്കൽ മഞ്ചേഷിന്റെ വീടിന് മുകളിലേക്ക് കാട്ടാന മരം മറിച്ചിട്ടിരുന്നു. വീടിന് സമീപത്തെ കൃഷി നശിപ്പിക്കുകയും ചെയ്തു. കൂലിപ്പണിക്കാരനായ മഞ്ചേഷിന്റെ പ്രായമായ മാതാപിതാക്കളും മക്കളുമടങ്ങുന്ന കുടുംബം കഷ്ടിച്ചാണ് കാട്ടാനയുടെ ആക്രമണത്തെ അതിജീവിച്ചത്. വനാതിർത്തിയോട് ചേർന്ന് നിൽക്കുന്ന അക്കേഷ്യ മരമാണ് ആന മഞ്ചേഷിന്റെ വീടിന് മുകളിൽ മറിച്ചിട്ടത്. വാവേലി മുതൽ കുളങ്ങാട്ടുകുഴി വരെ വൈദ്യുതി വേലിയോട് ചേർന്നുള്ള മരങ്ങൾ വെട്ടിമാറ്റുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതു പാഴ്വാക്കായി.
അടിയന്തരമായി മരങ്ങൾ മുറിച്ച് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാത്രികാലങ്ങളിൽ ഇരുചക്ര വാഹനയാത്രികർക്കും കാട്ടാനകൾ ഭീഷണി ഉയർത്തുന്നുണ്ട്. റോഡിലൂടെ പോകുന്നവർക്ക് ആനകൾ നിൽക്കുന്നത് തൊട്ടടുത്ത് ചെന്നാൽ പോലും കാണാൻ കഴിയില്ല. റോഡിനോട് ചേർന്ന് നിൽക്കുന്ന മരങ്ങൾ ആനകൾ വൈദ്യുതി ലൈനിലേക്ക് തള്ളി മറിച്ചിടുന്നതും ദുരന്തഭീതിയുയർത്തുന്നു. വൈദ്യുതി ലൈനിന് സമീപത്തെ മരങ്ങൾ വെട്ടിമാറ്രണമെന്നും അറ്റകുറ്റപ്പണി തീർത്ത് പ്രവർത്തനക്ഷമമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.