aluminium

കൊച്ചി: നിർമ്മാണമേഖലയ്ക്ക് ആശ്വാസമേകി അലുമിനിയംവില ഏറെക്കാലത്തിന് ശേഷം കുറഞ്ഞു. റഷ്യ-യുക്രെയിൻ യുദ്ധവും ചൈനയിലെ ലോക്ക്ഡൗണും മൂലം ഡിമാൻഡ് ഇടിഞ്ഞതാണ് കാരണം. 325-335 രൂപയാണ് ഇപ്പോൾ വില. 2020ൽ കിലോയ്ക്ക് 200 രൂപയ്ക്ക് താഴെയായിരുന്ന വില ഉത്‌പാദനക്കുറവ് മൂലം 2021ൽ 390 രൂപവരെ എത്തിയിരുന്നു.

കേരളത്തിൽ 2020 മുതൽ ഈമാസം ആദ്യംവരെ കിലോയ്ക്ക് കൂടിയത് 190 രൂപയോളമായിരുന്നു. വില വൻതോതിൽ ഉയർന്ന സ്‌റ്റീലിന് പകരം ഇന്ത്യയിൽ വാഹനനി‌ർമ്മാണത്തിൽ അലുമിനിയം കൂടുതലായി ഉപയോഗിക്കുന്നുണ്ട്. വീടുകളിൽ ജനൽ, വോർഡ്രോബ്, കബോർഡ് തുടങ്ങിയ ഇന്റീരിയർ വർക്കിനും ഓഫീസുകളിൽ ജനൽ, പാർട്ടീഷൻ, ഉള്ളിലെ വാതിലുകൾ എന്നിവയ്ക്കും വൻതോതിൽ അലുമിനിയം ഉപയോഗമുണ്ട്.

വിലയിലെ ചാഞ്ചാട്ടം
(ജി.എസ്.ടി ഉൾപ്പെടെ വില - കിലോയ്ക്ക്)
 2020- ₹200ൽ താഴെ
 2021 തുടക്കം - ₹290
 2021 അവസാനം - ₹390
 2022 തുടക്കം - ₹350
 2022 ഏപ്രിൽ-മേയ് - ₹375
 2022 ജൂൺ - ₹325-335

ഇന്ത്യയ്ക്ക് കയറ്റുമതിനേട്ടം
വിലയിലെ ഏറ്റക്കുറച്ചിലുകൾ ഇന്ത്യയുടെ അലുമിനിയം കയറ്റുമതിയെ ബാധിച്ചിട്ടില്ല. കഴിഞ്ഞ ഒരുവർഷത്തിനിടെ കയറ്റുമതി ഉയരുകയും ചെയ്‌തു. യൂറോപ്പാണ് മുഖ്യവിപണി. ഉത്തരാഖണ്ഡ്, ഒഢീഷ എന്നിവയാണ് പ്രധാന ഉത്പാദക സംസ്ഥാനങ്ങൾ. ഈ രംഗത്തെ മുൻനിര കമ്പനികൾ: ഹിൻഡാൽകോ, നാൽകോ, വേദാന്ത.

''അലുമിനിയം വില കുറഞ്ഞത് നിർമ്മാണമേഖലയ്ക്ക് ഉൾപ്പെടെ ആശ്വാസമാണ്. വില സമീപഭാവിയിൽ ഉയരില്ലെന്നാണ് പ്രതീക്ഷ""
മധുബെൻ എബ്രഹാം,
ജനറൽ സെക്രട്ടറി,
അലുമിനിയം ഡീലേഴ്‌സ് ഫോറം