കൊച്ചി: ചേരാനെല്ലൂർ സിഗ്നലിനടുത്തുള്ള ബസ് സ്റ്റോപ്പിന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച യുവാക്കൾ പിടിയിൽ. വരാപ്പുഴ ചുള്ളിപ്പറമ്പ് വീട്ടിൽ അരുൺ സുരേഷ് (29), പള്ളിക്കര കുമാരപുരം ഈത്തുങ്കൽ വീട്ടിൽ ആന്റോ (27) എന്നിവരാണ് ചേരാനെല്ലൂർ പൊലീസിന്റെ പിടിയിലായത്. ഏലൂർ സ്വദേശിയുടെ ബൈക്കാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെ ഇരുവരും ചേർന്ന് മോഷ്ടിച്ചത്. തൃശൂരിലേക്ക് ജോലിക്ക് പോയി പിറ്റേദിവസം രാവിലെ മടങ്ങിയെത്തിയപ്പോഴാണ് ബൈക്ക് മോഷ്ടിക്കപ്പെട്ടതായി മനസിലായത്. തുടർന്ന് ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സി.സി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ച പുലർച്ചെയോടെ ഇവിടെത്തിയ രണ്ടു യുവാക്കൾ ബൈക്ക് മോഷ്ടിക്കുകയായിരുന്നെന്ന് വ്യക്തമായി. മോഷ്ടിക്കപ്പെട്ട ബൈക്ക് അരുൺ സുരേഷിന്റെ വീട്ടിൽനിന്ന് കണ്ടെത്തി. ഐരാപുരം സ്വദേശിയുടെ മോഷണംപോയ ബൈക്കിലാണ് പ്രതികൾ സഞ്ചരിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്.