
തൃപ്പൂണിത്തുറ: ഇരുമ്പനം കളരിക്കൽ ബേബിയുടെ മകൻ പോളിയെ (48) കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. വിവസ്ത്രനായി വീടിന് സമീപത്തെ കിണറ്റിലാണ് കിടന്നിരുന്നത്. വസ്ത്രങ്ങൾ കിണറ്റിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കിണറ്റിൽ നിന്ന് അസഹനീയമായ ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.
മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന പോളി മാതാപിതാക്കളുടെ മരണ ശേഷം അസ്വസ്ഥനായിരുന്നതായി സമീപവാസികൾ പറയുന്നു. പിതാവ് ബേബി എട്ടു വർഷം മുമ്പ് മരിച്ചിരുന്നു. രണ്ടു മാസം മുമ്പ് മാതാവും മരിച്ചതോടെ ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം. അവിവാഹിതനാണ്. ഹിൽപാലസ് പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.