df

കൊച്ചി: വർഷങ്ങളായി ആഹാരമിറക്കാനാവാതെ ശരീരഭാരം 35 കിലോഗ്രാമായി ചുരുങ്ങിയ യുവതിക്ക് അന്നനാളത്തിൽ നടത്തിയ എൻഡോസ്‌കോപിക് ശസ്ത്രക്രിയയിലൂടെ രോഗവിമുക്തി ലഭിച്ചു. കാക്കനാട് പാലച്ചുവട് സ്വദേശിനിയായ 32കാരിയാണ് എട്ടു വർഷത്തിലധികമായി ഭക്ഷണം കഴിക്കാനാവാതെ ആരോഗ്യം ക്ഷയിച്ച് എറണാകുളം മെഡിക്കൽ സെന്ററിൽ ചികിൽസ തേടിയത്.
ദീർഘനാൾ ദ്രവരൂപത്തിലുള്ള ഭക്ഷണം കുറഞ്ഞ അളവിൽ മാത്രം കഴിച്ചിരുന്നതിനാൽ മാനസിക പിരിമുറുക്കവും വിഷാദരോഗവും യുവതിയെ അലട്ടിയിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. ഇ.എം.സിയിലെ ഉദരരോഗ ചികിൽസാ വിഭാഗം നടത്തിയ പരിശോധനയിൽ അന്നനാളത്തിന് താഴെ പേശികൾ വലിഞ്ഞു മുറുകിയതുമൂലമുള്ള അക്‌ളേസിയ കാർഡിയ എന്ന അത്യപൂർവ രോഗമാണെന്ന് കണ്ടെത്തി. ദീർഘകാലം രോഗം തിരിച്ചറിയാതെ പോയതിനാൽ അന്നനാളത്തിലെ പേശികളെ നിയന്ത്രിക്കുന്ന ഞരമ്പുകൾ നശിച്ച നിലയിലായിരുന്നുവെന്ന് ഉദരരോഗ ചികിസാ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജോണി സിറിയക് പറഞ്ഞു. തുടർന്ന് പെർ ഓറൽ എൻഡോസ്‌കോപിക് മയോട്ടമി എന്ന അതിസങ്കീർണമായ ശസ്ത്രക്രിയയ്ക്ക് രോഗിയെ വിധേയമാക്കി. ഡോ. സുനിൽ മാത്യു, ഡോ. ദീപക് ആർ. നായർ എന്നിവരും ശസ്ത്രക്രിയുടെ ഭാഗമായിരുന്നു.