മൂവാറ്റുപുഴ: തൃക്കളത്തൂരിൽ തുടർച്ചയായി നടക്കുന്ന മോഷണങ്ങൾ ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തൃക്കളത്തൂർ സൊസൈറ്റിപ്പടിയിൽ കല്പന മന്ദിരത്തിൽ വസന്തരാജിന്റെ വീട്ടിൽ നിന്ന് 25 പവൻ സ്വർണ്ണവും 25000 രൂപയും മോഷണം പോയിരുന്നു.
2021 ഒക്ടോബറിൽ തൃക്കളത്തുർ കാവുംപടി ഭഗവതി ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ മോഷ്ടാക്കൾ കയറി. 2020 ൽ ഇതേ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് പണം കവർന്നു. 2018 ജൂലായ് മാസം തൃക്കളത്തുർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പളളിയിൽ മോഷ്ടാക്കൾ എത്തി വാതിലുകൾ തകർത്തു. തൃക്കളത്തുർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തി മോഷണം നടന്നതും സമീപ നാളിലാണ്. ബൈക്കിൽ എത്തി മാല കവരുന്ന സംഘവും സജീവം. പരാതികളിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും തുടർനടപടികൾ ഇല്ല. ജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഭീഷണി സൃഷ്ടിക്കുന്ന കവർച്ച സംഘങ്ങളെ പിടികൂടേണ്ടത് നാടിന്റെ ആവശ്യമാണെന്ന് എൽദോ എബ്രഹാം പറഞ്ഞു.