മൂവാറ്റുപുഴ: കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ജൂലായ് ഒന്ന് മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങൾക്ക് മൂവാറ്റുപുഴയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. മൂവാറ്റുപുഴ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനയും പിഴ ഈടാക്കലും ഊർജ്ജിതമാക്കാൻ മൂവാറ്റുപുഴ നഗരസഭ തീരുമാനിച്ചു.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട് കൊവിഡ് കാലത്ത് വ്യാപാരികൾക്ക് നൽകിയിരുന്ന ഇളവുകൾ ഇനി മുതൽ വേണ്ടെന്നാണ് നഗരസഭാ തീരുമാനം. ഇതുപ്രകാരം പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, സ്‌ട്രോ തുടങ്ങി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ ഉപയോഗം തടയും. നിയമലംഘനം നടത്തുന്നവർക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരവും ഹരിത ചട്ടപ്രകാരവുമുളള നടപടികൾ സ്വീകരിക്കും. ആദ്യ നിയമ ലംഘനത്തിന് 10000 രൂപയും ആവർത്തിച്ചാൽ 25000/- രൂപയും പിഴ ഈടാക്കും. മൂന്നാം തവണയും ലംഘിച്ചാൽ 50000/-രൂപ പിഴ ഈടാക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും. വാണിജ്യ സ്ഥാപനങ്ങൾ, ഷോപ്പുകൾ, മാളുകൾ, തെരുവു കച്ചവടക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ തിയേറ്ററുകൾ, ഓഫീസ് കോംപ്ലക്‌സുകൾ, ആശുപത്രികൾ എന്നിവയ്ക്കെല്ലാം ഇതു സംബന്ധിച്ച് നഗരസഭാ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.