മൂവാറ്റുപുഴ: തൃക്കളത്തൂരിലെ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന സംഭവത്തിൽ മോഷ്ടാവ് എന്നു സംശയിക്കുന്നയാളുടെ സി.സി.ടിവി ദൃശ്യങ്ങൾ പ്രചരിക്കുന്നു. മോഷണം നടന്ന സൊസൈറ്റിപ്പടി വസന്തരാജിന്റെ വീടിനു പിറകു വശത്തേക്ക് പോകുന്ന വഴിയിൽ ടർഫ് മൈതാനത്തിനു സമീപം സ്ഥാപിച്ചിരിക്കുന്ന കാമറയിലാണ് മോഷ്ടാവ് എന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ഇയാൾ കാമറയിലേക്കു ടോർച്ച് തെളിച്ചു നോക്കുന്നതും മുഖം പൂർണമായി മൂടി നടന്നുപോകുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. എന്നാൽ കാമറയിൽ കണ്ടയാൾ തന്നെയാണോ മോഷ്ടാവെന്നു സ്ഥിരീകരിക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. 25 പവൻ സ്വർണവും 25000 രൂപയും മോഷ്ടിക്കപ്പെട്ടുവെന്നാണ് വസന്തരാജിന്റെ പരാതി. വീട്ടിൽ ആളുകൾ ഉള്ളപ്പോൾ വാതിലും അലമാരയും തകർക്കാതെയാണ് മോഷ്ടാവ് അകത്തു കടന്നിട്ടുള്ളതെന്ന് പൊലീസ് പറയുന്നു. പുലർച്ചെ 5.30ന് പ്രഭാത സവാരിക്കായി ഇറങ്ങിയ വസന്തരാജ് തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പൊലീസും ഡോഗ് സ്ക്വാഡും ശാസ്ത്രീയ അന്വേഷണ സംഘവും സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു.