
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വിജയ് ബാബുവിനെതിരെ സമൂഹമാദ്ധ്യമത്തിൽ കുറ്റപത്രം അവതരിപ്പിച്ച് വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ലിയു.സി.സി). പരാതിപ്പെടുന്ന അതിജീവിതകളെ നിശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ തിരിച്ചറിയണമെന്ന മുന്നറിയിപ്പോടെയാണ് പോസ്റ്റ്.
ഫേസ് ബുക്ക് പോസ്റ്റിൽ നിന്ന്: കുറ്റകൃത്യത്തെക്കുറിച്ച് പൊലീസിൽ പരാതിപ്പെടാൻ ഓരോ പൗരനും അവകാശമുണ്ട്. ലൈംഗികാതിക്രമത്തിന്റെ കാര്യത്തിൽ പരാതിക്കാരിക്ക് സ്വകാര്യതയ്ക്കുള്ള അവകാശവുമുണ്ട്. വിജയ് ബാബുവിനെതിരെ പരാതിപ്പെട്ട ഞങ്ങളുടെ സഹപ്രവർത്തകയായ പുതുമുഖ നടിയുടെ പേര്
സോഷ്യൽ മീഡിയയിൽ പരസ്യമായി പറയുകയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
കുറ്റാരോപിതനിൽ നിന്ന് അതിക്രമങ്ങൾ ഉണ്ടായതായി അയാളുമായി അടുത്തു ബന്ധമുള്ള സ്ത്രീകൾ ഇതിനുമുമ്പും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇപ്പോൾ ഇയാൾക്ക് ജാമ്യം ലഭിച്ചു. അതിജീവിതയ്ക്ക് അവളുടെ മുന്നിലെ തടസങ്ങൾ എല്ലാം നേരിട്ട് സത്യം തെളിയിക്കുക കുറ്റകൃത്യം പോലെ തന്നെ ഭീകരമാണ്. വിമൻ ഇൻ സിനിമാ കളക്ടീവ് എന്നും എപ്പോഴും അതിജീവിതയ്ക്കൊപ്പമാണ്.