കൊച്ചി : മലങ്കരസഭാ തർക്കത്തിന് പരിഹാരമെന്ന നിലയിൽ പുതിയ നിയമനിർമ്മാണത്തിന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിയമസഭയിൽ അവതരിപ്പിച്ച കരട് ബില്ലുമായി യാക്കോബായ സുറിയാനിസഭയ്ക്ക് ബന്ധമില്ലെന്ന് ഭാരവാഹികളായ സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്കോപ്പ, കമാണ്ടർ സി.കെ. ഷാജി ചുണ്ടയിൽ, അഡ്വ. പീറ്റർ കെ.ഏലിയാസ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
നിയമനിർമ്മാണവുമായി ബന്ധപ്പെട്ട നടപടികളുമായി സഭയുമായോ, സഭാസമിതികളുമായോ, സഭാ ഭാരവാഹികളുമായോ എൽദോസ് കുന്നപ്പിള്ളി ആലോചിക്കാതെയാണ് കരട് ബിൽ സമർപ്പിച്ചിട്ടുള്ളത്. മറ്റ് ആരുടെയോ സമ്മർദ്ദത്തിന് വഴങ്ങിയോ, രാഷ്ട്രീയ ലാഭത്തിനുവേണ്ടിയോ ആണ് ഇതെന്ന് സഭ സംശയിക്കുന്നു. ജസ്റ്റിസ് കെ.ടി. തോമസ് സമർപ്പിച്ചിരിക്കുന്ന നിയമനിർമ്മാണത്തിന്റെ നടപടികളുമായി സർക്കാർ മുമ്പോട്ട് പോവുകയും പൊതുജനാഭിപ്രായം സമാഹരിച്ചിട്ടുള്ളതുമാണ്. 12 ലക്ഷം ആളുകൾ ഇതിൽ അഭിപ്രായം രേഖപ്പെടുത്തുകയും അതിൽ 93 ശതമാനം ആളുകളും ജസ്റ്റിസ് കെ.ടി തോമസ് ചെയർമാനായുള്ള കേരള നിയമ പരിഷ്ക്കരണ കമ്മീഷൻ സമർപ്പിച്ചിട്ടുള്ള കരട് ബില്ലിനെ അനുകൂലിക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.