കൊച്ചി: കുവൈറ്റ് മനുഷ്യക്കടത്തിന് ഇരയായ ഒരു യുവതി കൂടി രക്ഷപ്പെട്ട് തിരിച്ചെത്തി. ചെറായി സ്വദേശിനി എ.ബി.അജിതയാണ് എത്തിയത്. മൂന്നുമാസം കുവൈറ്റിൽ നേരിട്ടത് കൊടിയ പീഡനങ്ങളാണെന്ന് അജിത പറഞ്ഞു.

ഏപ്രിൽ 14നാണ് 120 കുവൈറ്റ് ദിനാർ (30,000 രൂപ) ശമ്പളവാഗ്ദാനത്തിൽ ഏജന്റുമാർ വഴി കുവൈറ്റിലെത്തുന്നത്. നാലു യുവതികൾകൂടി നെടുമ്പാശേരി വിമാനത്താവളത്തിൽ ഒപ്പം ചേർന്നു. ഇവർ എവിടെയാണെന്ന് പിന്നീട് ഒരുവിവരവും ഉണ്ടായില്ല. വീട്ടുപണിയുൾപ്പടെ വിശ്രമമില്ലാതെ ജോലിചെയ്യിച്ചിരുന്നു. ഇടയ്ക്ക് മറ്റൊരുവീട്ടിലേക്ക് മാറ്റി. നല്ല വസ്ത്രമോ മൂന്നുനേരം ഭക്ഷണമോ ഇല്ലാതെ കൊടിയ പീഡനമാണ് അനുഭവിച്ചത്. മൂന്നുമാസം ജോലിചെയ്തിട്ടും ശമ്പളം തന്നില്ല. ഇടയ്ക്ക് താൻ അനുഭവിക്കുന്ന ദുരിതങ്ങൾ മൊബൈൽ ഫോണിൽ പകർത്തി നാട്ടിലുള്ള ഭർത്താവിന് അയച്ചുകൊടുത്തതോടെയാണ് മടങ്ങിവരവിന് വഴിയൊരുങ്ങിയത്. ഹൈബി ഈഡൻ എം.പി ഉൾപ്പെടെയുള്ളവർ ഇടപെട്ടത് സഹായമായെന്ന് അജിത പറഞ്ഞു. ഏജന്റുമാരുടെ കൂടുതൽ വിവരങ്ങളൊന്നും അറിയില്ല. മടങ്ങും മുമ്പ് ഏജന്റുമാരിൽ ഒരാളായ ഷാജി ഫോൺ ബലമായി വാങ്ങി ഫോൺനമ്പറുകൾ ഡിലീറ്റ് ചെയ്തു. കുവൈറ്റിൽ മലയാളിയായ ആനി റോസിന്റെ വീട്ടിലേക്ക് എന്നുപറഞ്ഞാണ് കൊണ്ടുപോയത്.

നാട്ടിലെത്തിയാൽ മാദ്ധ്യമങ്ങളോട് സംസാരിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഇവർ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. ഇതുവരെ രണ്ട് പരാതികളാണ് പൊലീസിന് ലഭിച്ചത്. എറണാകുളം ഫോർട്ടുകൊച്ചി സ്വദേശിനിയായ വീട്ടമ്മയാണ് കുവൈറ്റ് മനുഷ്യക്കടത്ത് സംഘത്തെക്കുറിച്ച് ആദ്യം പരാതി നൽകിയത്. ഈ കേസിൽ കേന്ദ്ര ഏജൻസികളുൾപ്പെടെയുള്ളവരുടെ അന്വേഷണം പുരോഗമിക്കുകയാണ്. കേരളത്തിൽ നിന്ന് 30ലധികം പേരെയാണ് കേസിലെ ഒന്നാംപ്രതി കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മജീദ് കുവൈറ്റിൽ എത്തിച്ചത്. ഇതിൽ 15 പേരോളം പേർ ദുരിതം സഹിക്കവയ്യാതെ നാട്ടിൽ തിരിച്ചെത്തി.