കോതമംഗലം: രണ്ടരക്കിലോ കഞ്ചാവുമായി കോതമംഗലത്ത് യുവാവ് പിടിയിൽ. ഇന്നലെ രാത്രിയാണ് കുട്ടമംഗലം തേൻകോട് സ്വദേശി റിൻസ് (25)നെ തങ്കളത്ത് വച്ച് എക്സൈസ് പിടികൂടിയത്. മുൻപ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട പ്രതിയെ ബിഗ് ഷോപ്പറുമായി കണ്ടപ്പോൾ സംശയം തോന്നിയ എക്സൈസ് സംഘം പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പെരുമ്പാവൂരിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ജോസ് പ്രതാപ് പറഞ്ഞു. പ്രിവന്റിവ് ഓഫീസർ നിയാസ്, സിദ്ധിഖ് , ജിമ്മി, അനൂപ്, എൽദോ, ഉമ്മർ, വിജു പോൾ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.