
•കണയന്നൂർ യൂണിയനിൽ വിപുലമായ ഗുരുദേവജയന്തി ആഘോഷം
കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ 168-ാമത് ശ്രീനാരായണ ഗുരുജയന്തി വിപുലമായി ആഘോഷിക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി തൃപ്പൂണിത്തുറ കേന്ദ്രീകരിച്ച് ജയന്തി ഘോഷയാത്രയും ജയന്തി സമ്മേളനവും നടത്തും. വൈകിട്ട് അഞ്ചിന് എസ്.എൻ. ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന ചതയദിനറാലി സ്റ്റാച്യൂ ജംഗ്ഷനിൽ സമാപിക്കും. തുടർന്ന് ലായം കൂത്തമ്പലത്തിൽ നടക്കുന്ന ജയന്തി സമ്മേളനത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും.
യൂണിയനിലെ 66 ശാഖകളുടെയും ഭാരവാഹികൾ പങ്കെടുത്ത സംയുക്ത നേതൃയോഗത്തിലാണ് തീരുമാനം.
തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികളിലെയും ഉദയംപേരൂർ പഞ്ചായത്തിലെയും ശാഖകളുടെ പങ്കാളിത്തത്തോടെയാണ് തൃപ്പൂണിത്തുറയിൽ ജയന്തി ആഘോഷവും ഘോഷയാത്രയും സംഘടിപ്പിക്കുന്നത്.
ജയന്തി ആഘോഷത്തിന്റെ മുന്നോടിയായി ചിങ്ങം ഒന്നിന് ആഗസ്റ്റ് 17ന് എല്ലാ ശാഖാ, ഗുരുമന്ദിരങ്ങളുടെയും മുന്നിൽ പീത പതാക ഉയർത്തി പതാകാദിനം ആചരിക്കും.
കണയന്നൂർ യൂണിയൻ ഓഫീസിൽ ചേർന്ന നേതൃയോഗത്തിൽ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എൽ.സന്തോഷ്, ടി.കെ.പത്മനാഭൻ, കെ.കെ.മാധവൻ, ടി.എം.വിജയകുമാർ എന്നിവർ പങ്കെടുത്തു. കൺവീനർ എം.ഡി.അഭിലാഷ് സ്വാഗതവും വൈസ് ചെയർമാൻ സി.വി.വിജയൻ നന്ദിയും പറഞ്ഞു.