കുറുപ്പംപടി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ)ഓടക്കാലിയിലെ എ.ടി.എം കൗണ്ടർ പ്രവർത്തനരഹിതമായത് ഇടപാടുകാരെ വലയ്ക്കുന്നു. എ.ടി.എം പ്രവർത്തിക്കാത്തത് അറിയാതെ നിരവധി ഇടപാടുകാരാണ് സ്ഥിരമായി മടങ്ങിപ്പോകുന്നത്.
രണ്ടാഴ്ചയ്ക്ക് മുമ്പ് ഇടിമിന്നലിനെ തുടർന്നാണ് എസ്.ബി.ഐ എ.ടി.എം നിശ്ചലമായത്. നിരവധി വ്യാപാര വ്യവസായ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന അശമന്നൂർ പഞ്ചായത്തിലെ ഏക ദേശസാൽകൃത ബാങ്ക് ഓടക്കാലിയിലെ എസ്.ബി.ഐ ബ്രാഞ്ചാണ്. എ.ടി.എം പണിമുടക്കിയതോടെ
നൂറുകണക്കിന് പെൻഷൻകാരും വ്യാപാരികളും വ്യവസായികളും ദിനംപ്രതി മണിക്കൂറുകൾ കാത്തുനിന്നാണ് ഇടപാടുകൾ നടത്തുന്നത്.
എ.ടി.എം പ്രവർത്തനസജ്ജമാക്കുന്നതിന് ബാങ്ക് അധികൃതർ നടപടി സ്വീകരിക്കാത്തതിൽ ഓടക്കാലി മർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധം രേഖപ്പെടുത്തി. ഓടക്കാലിയിൽ ദേശസാൽകൃത ബാങ്കും പണം ഡെപ്പോസിറ്റ് ചെയ്യുന്നതിന് സൗകര്യത്തോടെ പുതിയ എ.ടി.എം കൗണ്ടറും അടിയന്തരമായി ആരംഭിക്കണമെന്ന് ഓടക്കാലി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി എം.എം. ഷൗക്കത്ത് അലി, ട്രഷറർ പി.പി. വേണുഗോപാൽ എന്നിവർ ആവശ്യപ്പെട്ടു.