1

മട്ടാഞ്ചേരി: പരാധീനതകൾ വേട്ടയൊടുമ്പോഴും നേഹ നേടിയ ഒന്നാം റാങ്കിന് പത്തരമാറ്റ് തിളക്കം. മഹാരാജാസ് കോളേജിൽ എം.ജി യൂണിവേഴ്സിറ്റി ഇസ്ലാമിക് ഹിസ്റ്ററിയിലാണ് കൊച്ചങ്ങാടി ചിത്തു പറമ്പിൽ മുളക്കൽ ഷമീർ - റുക്സാന ദമ്പതികളുടെ മൂത്ത മകളായ നേഹ ഫർഹത്ത് ഒന്നാം റാങ്ക് നേടിയത്. ഓട്ടോ ഡ്രൈവറായ ഷമീറിന്റെ വരുമാനം കൊണ്ടാണ് ഈ കുടുംബം കഴിയുന്നത്.

വീട്ട് വാടക ഉൾപ്പടെ വലിയ ചെലവുകളാണ് ഷമീറിന്റെ ചുമലിലുള്ളത്. ഇതിനിടയിലാണ് മൂന്ന് മക്കളുടെയും വിദ്യാഭ്യാസചെലവ് മുന്നോട്ട് കൊണ്ട് പോകുന്നത്.

മക്കളിൽ ഒരാൾ ഇടക്കൊച്ചി അക്വിനാസ് കോളേജിൽ ഡിഗ്രിക്കും ഇളയ മകൾ പ്ളസ് ടു കഴിഞ്ഞ് ഡിഗ്രി പ്രവേശനത്തിന് കാത്ത് നിൽക്കുകയുമാണ്. നേഹ എസ്.എസ്.എൽ.സി,പ്ളസ് ടു പരീക്ഷകളിലും മികച്ച വിജയം നേടി. മട്ടാഞ്ചേരി ഗേൾസ് ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായിരുന്നു. ഷമീറിന്റെ പിതാവ് ബാവ അർബുദ രോഗ ബാധിതനായി വീട്ടിൽ തന്നെ ചികിത്സയിൽ കഴിയുകയാണ്. ചികിത്സാ ചെലവും ഷമീർ തന്നെയാണ് വഹിക്കുന്നത്. സ്വന്തമായി ഒരു വീടും ഐ.എ.എസ് എടുക്കുകയെന്ന ലക്ഷ്യവുമാണ് നേഹക്കുള്ളത്. ഇതിനായുള്ള ഒരുക്കത്തിലാണ് നേഹ.