പറവൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി മൂത്തകുന്നം ഗവ. എൽ.പി.ജി സ്കൂളിന്റെ ക്ലാസ് മുറിയുടെ ഒരുഭാഗം പൊളിക്കണമെന്ന ആവശ്യം സ്കൂൾ അധികൃതരെയും രക്ഷിതാക്കളെയും ആശങ്കയിലാക്കി. അപ്രതീക്ഷിതമായാണ് സ്ഥലമെടുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സ്കൂൾ അധികൃതരെ സമീപിച്ചത്. ഇതുസംബന്ധിച്ച് യാതൊരു മുന്നറിയിപ്പും നൽകിയിരുന്നില്ല.
രണ്ടാംക്ലാസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒരുഭാഗവും ടോയ്ലറ്റും ഒരാഴ്ചക്കകം പൊളിച്ചുനീക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭിത്തി പൊളിച്ചാൽ കെട്ടിടം തകരുമെന്ന് ആശങ്കയുണ്ട്. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടമാണ് സ്കൂളിലേത്. സ്കൂൾ അധികൃതർ കളക്ടറെ സന്ദർശിച്ച് നിവേദനം നൽകിയതിനാൽ പൊളിക്കുന്നത് ഒരുമാസത്തേക്ക് നീട്ടിയിട്ടുണ്ട്. അതിനുള്ളിൽ ബദൽസംവിധാനം കണ്ടെത്തണം. വിഷയത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഇടപെട്ടിട്ടുണ്ട്. വിദ്യാർത്ഥികളുടെ പഠനസൗകര്യം തടസപ്പെടുത്തുന്ന ഒരുകാര്യവും സംഭവിക്കരുതെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സ്കൂൾ കെട്ടിടത്തിന്റെ മതിൽ പൊളിക്കേണ്ടിവരുന്നമെന്നകാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇതുവരെ അറിയിച്ചിരുന്നില്ല. മുനമ്പം കവലയിലെ പള്ളിയും കോൺഗ്രസ് ഓഫീസും പൊളിക്കുന്ന വിവരം നേരത്തെ അറിയിച്ചിരുന്നു. പള്ളിയും കോൺഗ്രസ് ഓഫീസും നഷ്ടപരിഹാര തുക നൽകി കഴിഞ്ഞ മാസം ഏറ്റെടുക്കുകയും ചെയ്തിരുന്നു.