
കിഴക്കമ്പലം: പട്ടിമറ്റത്തെ ഉയർന്ന മേഖലകളിലേക്ക് കുടിവെള്ളമെത്തിച്ചിരുന്ന മുണ്ടേക്കുളം നാശോന്മുഖം. ടൗണിലെ മാലിന്യങ്ങൾ ഓടകൾ വഴി മുണ്ടേക്കുളത്തിലേയ്ക്ക് ഒഴുകിയെത്തുന്നതാണ് പ്രശ്നകാരണം. നിലവിൽ മുണ്ടേക്കുളവും പരിസരവും ദുർഗന്ധ പൂരിതമായിക്കഴിഞ്ഞു. കൊതുകുശല്യം രൂക്ഷമായതോടെ പകർച്ചവ്യാധി ഭീഷണിയും ഉയരുന്നു.
പ്രദേശത്തെ പ്രധാന ജലസ്രോതസുകളിലൊന്നായിരുന്നു കുന്നത്തുനാട് പഞ്ചായത്തിലെ ആറാം വാർഡ് പട്ടിമറ്റത്തെ മുണ്ടേക്കുളം.കടുത്ത വേനലിൽപോലും മുണ്ടേക്കുളം വറ്റിയിരുന്നില്ല. നാട്ടുകാരുടെ നിരന്തര ആവശ്യപ്രകാരം മുൻ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് കുടിവെള്ളക്ഷാമം പരിഹരിക്കാനും കൃഷി ആവശ്യങ്ങൾക്കും ജലം എത്തിക്കുന്നതിന് ലക്ഷങ്ങൾ ചെലവിട്ട് മുണ്ടേക്കുളം പദ്ധതി നടപ്പാക്കിയിരുന്നു. കൈതക്കാട്, ഡബിൾ പാലം, പൊത്താംകുഴിമല, മുബാറക് നഗർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പമ്പിംഗ് നടത്തി കുടിവെള്ളം എത്തിച്ചിരുന്നതാണ്. എന്നാൽ ഉദ്യോഗസ്ഥ അനാസ്ഥ കാരണം അത് മുടങ്ങി. ലക്ഷങ്ങൾ വിലയുള്ള മോട്ടോറുകളും പമ്പിംഗ് ഉപകരണങ്ങളും തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. ബന്ധപ്പെട്ട വകുപ്പുകൾക്ക് ഇത് സംബന്ധിച്ച നിരവധി തവണ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
മുണ്ടേക്കുളം സംരക്ഷിക്കുന്നതിൽ അധികൃതർ അനാസ്ഥ കാട്ടുന്നതായുള്ള ആക്ഷേപം ശക്തമാണ്.
മാലിന്യങ്ങളുടെ വരവ് ഇങ്ങനെ
പട്ടിമറ്റം ടൗണിലെ കാനകളിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങളാണ് ഓട വഴി തോടുകളിലൂടെ മുണ്ടേക്കുളത്തിൽ അടിയുന്നത്. വ്യാപാര സ്ഥാപനങ്ങളും ചില വ്യക്തികളും കക്കൂസ് മാലിന്യമടക്കമുള്ളവ തോട്ടിലേക്ക് പുറന്തള്ളുന്നുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഒരു വ്യാപാര സ്ഥാപനത്തിൽ നിന്ന് തുറന്നുവിട്ട മാലിന്യം കാരണം മത്സ്യങ്ങൾ ചത്തുപൊങ്ങിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു.