sureshgopi

കൊച്ചി: സൂപ്പർതാരം സുരേഷ് ഗോപിയുടെ 64-ാം ജന്മദിനം താരസംഘടന അമ്മയുടെ വാർഷിക പൊതുയോഗത്തിൽ ആഘോഷിച്ചു. മോഹൻലാലും മമ്മൂട്ടിയും ചേർന്ന് കേക്ക് മുറിച്ച് സുരേഷ് ഗോപിക്ക് നൽകി ആശംസകൾ അറിയിച്ചു.

കളമശേരിയിൽ നടന്ന പൊതുയോഗത്തിൽ ഭാര്യ രാധികയ്ക്കൊപ്പമാണ് മഞ്ഞ ഷർട്ടും മുണ്ടും ധരിച്ച് നെറ്റിയിൽ കുറിയും ചാർത്തി സുരേഷ് ഗോപി എത്തിയത്. പ്രത്യേകം തയ്യാറാക്കിയ കേക്കാണ് മുറിച്ചത്. ഇടവേള ബാബു, മനോജ് കെ. ജയൻ, മണിയൻപിള്ള രാജു, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ശ്വേതമേനോൻ തുടങ്ങിയവർ പങ്കെടുത്തു. മറ്റ് അഭിനേതാക്കളും ആശംസകൾ നേർന്നു.

സിനിമ, രാഷ്ട്രീയരംഗങ്ങളിലെ നിരവധിപേർ നേരിട്ടും ഫോണിലും സാമൂഹ്യമാദ്ധ്യമങ്ങളിലും സുരേഷ് ഗോപിയെ ആശംസകളറിയിച്ചു.

ബാലതാരമായി സിനിമയിലെത്തിയ സുരേഷ് ഗോപി 254-ാം സിനിമയുടെ ചിത്രീകരണ തിരക്കിലാണ്. ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ ആണ് അദ്ദേഹത്തിന്റെ പ്രദർശനത്തിനെത്തുന്ന അടുത്ത സിനിമ. മകൻ ഗോകുലും പാപ്പനിൽ അഭിനയിക്കുന്നുണ്ട്.