
ആലുവ: ഇരുകൈകളും പിന്നിലേക്ക് ബന്ധിച്ച് എഴുപതുകാരി പെരിയാറിൽ നടത്തിയ നീന്തൽ പ്രകടനം കാണികളെ
അമ്പരിപ്പിച്ചു. ആലുവ തായിക്കാട്ടുകര മനക്കപ്പറമ്പിൽ ആരിഫയാണ് യുവാക്കൾക്ക് പോലും ആവേശം പകർന്ന് പെരിയാറിനെ കീഴടക്കിയത്. ഇവർക്കൊപ്പം ദേശം കുന്നുംപുറം ലക്ഷ്യയിൽ ഭരത് കൃഷ്ണ (11), ചൂർണിക്കര അശോകപുരം ചെലക്കാട്ടുപറമ്പിൽ ധന്യ (38) എന്നിവരും രണ്ടു കൈകളും പുറകിൽ ബന്ധിച്ചുള്ള സാഹസിക നീന്തലിൽ പങ്കെടുത്തു.
ആരിഫയും ഭരത്കൃഷ്ണയും ധന്യയും പെരിയാറിന് കുറുകെ 780 മീറ്ററോളം ദൂരമാണ് നീന്തിക്കടന്നത്. ഇന്നലെ രാവിലെ എട്ടുമണിക്ക് ആലുവ മണ്ഡപം കടവിൽ നിന്നും ആരംഭിച്ച നീന്തൽ 8.45ന് മണപ്പുറം ദേശം കടവിൽ എത്തിച്ചേർന്നു. അൻവർ പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ ഹോസ്പിറ്റൽ സ്ഥാപകൻ ഡോ. ഹൈദ്രാലി നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു.
ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, റൊഗേഷനിസ്റ്റ് സ്‌കൂൾ മാനേജർ ഫാദർ ദേവസ്യേ, മുൻ കുടുംബശ്രീ ചെയർപേഴ്‌സൺ റംല റഷീദ്, ചെങ്ങാമനാട് പഞ്ചായത്ത് 17-ാം വാർഡ് അംഗം ലത ഗംഗാധരൻ, ഡോ. റംല ഹൈദരലി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. വാളശ്ശേരിയിൽ റിവർ സ്വിമ്മിംഗ് ക്ലബ്ബിലെ പരിശീലകൻ സജി വാളശ്ശേരിയുടെ ശിക്ഷണത്തിലാണ് മൂവരും നീന്തൽ പരിശീലിച്ചത്.
ഐഡിയൽ റിലീഫ് വിംഗ് ബോട്ടിന്റെ അകമ്പടിയോടെ രണ്ട് വള്ളം, ലൈഫ് ബോയ്, ആംബുലൻസ് തുടങ്ങിയ സുരക്ഷാക്രമീകരണങ്ങളോടെയായിരുന്നു നീന്തൽ.