നെടുമ്പാശരി: വിനോദസഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ടൂറിസം- സാംസ്‌കാരിക വകുപ്പ് മന്ത്രി ജി. കിഷൻ റെഡ്ഡിയുടെ നേതൃത്വത്തിൽ നെടുമ്പാശേരിയിൽ പ്രത്യേക യോഗം ചേർന്നു. ടൂറിസം, പുരാവസ്തു തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു.
പ്രമുഖ ടൂറിസം, പുരാവസ്തു, സാംസ്‌കാരിക കേന്ദ്രങ്ങളിൽ സ്ഥിരം ദേശീയ പതാക ഉയർത്താനുള്ള സംവിധാനം ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി യോഗത്തിൽ നിർദേശിച്ചു. വിനോദസഞ്ചാര മേഖലയിലേക്ക് യുവജനങ്ങളെ കൂടുതൽ ആകർഷിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ടൂറിസം ക്ലബ്ബുകൾ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ, ടൂറിസം, കൊച്ചിൻ പോർട്ട് അതോറിറ്റി, ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.