മരട്: സി.പി.ഐ 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള തൃപ്പൂണിത്തുറ മണ്ഡലം സമ്മേളനം ജൂലായ് 1, 2, 3 തീയതികളിൽ മരടിൽ നടക്കും. ജൂലായ്
ഒന്നിന് വിവിധ പ്രദേശങ്ങളിൽ നിന്ന് കൊടിമര, ബാനർ, പതാകാ ജാഥകൾ വൈകിട്ട് 4ന് കുണ്ടന്നൂർ ജംഗ്ഷനിൽ സംഗമിച്ച് സംയുക്തമായി മരട് കൊട്ടാരം ജംഗ്ഷനിൽ എത്തിച്ചേരും. തുടർന്ന് എസ്.എൻ പാർക്കിൽ നടക്കുന്ന പൊതുസമ്മേളനത്തിനു മുന്നോടിയായി അഡ്വ.ടി.ബി.ഗഫൂർ പതാക ഉയർത്തും. 5 മണിക്ക് നടക്കുന്ന പൊതുസമ്മേളനം പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പി.രാജു ആദ്യകാല നേതാക്കളെ ആദരിക്കും. സ്വാഗതസംഘം ചെയർമാൻ അഡ്വ.ടി.ബി.ഗഫൂർ അദ്ധ്യക്ഷനാകും.
ജൂലൈ 2, 3 തീയതികളിൽ നെട്ടൂർ പ്രിയദർശിനി ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി പി.എൻ.പങ്കജാക്ഷൻ പതാക ഉയർത്തും. 2ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ.കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി പി.വി.ചന്ദ്രബോസ്, അസി. സെക്രട്ടറി എ.കെ.സജീവൻ, സ്വാഗതസംഘം ചെയർമാൻ അഡ്വ.ടി.ബി.ഗഫൂർ, ജനറൽ കൺവീനർ എ.ആർ.പ്രസാദ്, ട്രഷറർ പി.ബി.വേണുഗോപാൽ എന്നിവർ പങ്കെടുത്തു.