കൊച്ചി: നഗരത്തിൽ തലങ്ങും വിലങ്ങും തൂങ്ങിയാടുന്ന കേബിളുകൾ കാൽനട - വാഹന യാത്രികർക്ക് തലയ്ക്കുമുകളിലെ ഡെമോക്ലസിന്റെ വാളായി മാറുന്നു. ഫുട് പാത്തുകളിലൂടെ നടക്കാൻ പോലും ആകാത്ത വിധത്തിൽ കേബിളുകൾ തൂങ്ങിയാടുന്നുണ്ട്.

സംസ്ഥാന സർക്കാരിന്റെ കെ- ഫോൺ ( കേരള ഫൈബർ ഒപ്ടിക്കൽ നെറ്റ് വർക്ക്), പൊതുമേഖലാസ്ഥാപനമായ ബി.എസ്.എൻ.എൽ എന്നിവയ്ക്ക് പുറമെ നിരവധി സ്വകാര്യ ടെലികോം, ടെലിവിഷൻ കമ്പനികളുടെ കേബിളാണ് നഗരത്തിലാകെ തോരണം പോലെ തൂങ്ങിയാടുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുൻകൂർ അനുമതിയോടെ സ്ഥാപിക്കുന്ന കേബിളുകളിൽ നിശ്ചിത അകലത്തിൽ ടാഗ് ഘടിപ്പിക്കണമെന്നാണ് ചട്ടം. കൊച്ചി നഗരത്തിലുൾപ്പടെ ഇതൊന്നും കർശനമായി പാലിക്കാറില്ല.

 കെ.എസ്.ഇ.ബി യും

പ്രതികൂട്ടിൽ

കെ.എസ്.ഇ.ബി യുടെ തൂണുകൾ വഴിയാണ് പലയിടത്തും കേബിൾ വലിക്കുന്നത്. വൈദ്യുതി പോസ്റ്ര് ഇല്ലാത്ത സ്ഥലങ്ങളിൽ പ്രത്യേകം കാൽ നാട്ടും. കെ.എസ്.ഇ.ബി പോസ്റ്റിലൂടെ വലിക്കുന്നതിന് നഗരങ്ങളിൽ 300 രൂപയും ഗ്രാമപ്രദേശത്ത് 145 രൂപയും വാർഷിക വാടക നൽകണം. എന്നാൽ 100 പോസ്റ്രിന് വാടക നൽകിയാൽ അനധികൃതമായി വേറെ 150 പോസ്റ്റുകൂടി ഉപയോഗിക്കുന്നതാണ് പതിവ്. വൈദ്യുതിപോസ്റ്രിൽ ബന്ധിച്ച് കടന്നുപോകുന്ന കേബിളുകൾ അനധികൃതമാണൊ അധികൃതമാണൊയെന്ന് കണ്ടുപിടിക്കാൽ എളുപ്പമല്ല.

 കേബിളിലുണ്ട്

മൂത്തു പാകമായ പടവലം

നിശ്ചിതകാലാവധിക്ക് ശേഷം പുതിയ കേബിൾ സ്ഥാപിക്കുമ്പോൾ പഴയത് കൃത്യമായി നീക്കം ചെയ്യാറില്ല. അതാണ് പലയിടത്തും പൊട്ടിയും മുറിഞ്ഞുമൊക്കെ തൂങ്ങിയാടുന്നത്. ചില ടെലികോം കമ്പനികൾ വലിച്ച പുത്തൻ കേബിളുകൾ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. നഗരത്തിൽ എം.ജി റോഡിന് സമാന്തരമായി കെട്ടുപിണഞ്ഞുകിടക്കുന്ന കേബിൾ കൂട്ടത്തിൽ പടവലം പടർന്ന് കായ്ച്ചുകിടന്നിട്ടും ബന്ധപ്പെട്ടവർ അറിഞ്ഞിട്ടില്ല. പല കേബിൾ കൂട്ടങ്ങൾക്കും നാഥനില്ലെന്ന് സാരം. എന്തെങ്കിലും അപകടം സംഭവിച്ചാൽ ആര് ഉത്തരവാദി എന്നുപോലും നിശ്ചയമില്ല.

നഗരത്തിലെ അനധികൃത കേബിളുകൾ മുറിച്ചുമാറ്രാൻ കോർപ്പറേഷൻ കൗൺസിൽ ആറ് മാസം മുമ്പ് തീരുമാനം എടുത്തിരുന്നെങ്കിലും നടപടിയായില്ല. അപകടസാദ്ധ്യതയുള്ള കേബിളുകൾ അതതിന്റെ ഉടമകൾ തന്നെ നീക്കം ചെയ്യണമെന്ന് കോർപ്പറേഷൻ പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതികരണമില്ലാതെ വന്നപ്പോഴാണ് കോർപ്പറേഷൻ കൗൺസിൽ വിഷയം ചർച്ചചെയ്തത്. മരാമത്ത് വകുപ്പിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതുകൊണ്ടാണ് കേബിളുകൾ നീക്കം ചെയ്യാൻ സാധിക്കാത്തത്.

സുനിത ഡിക്സൺ (ചെയർപേഴ്സൺ- പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി, കൊച്ചി കോർപ്പറേഷൻ)