അങ്കമാലി:ആളൊഴിഞ്ഞ പറമ്പിൽ മാലിന്യം തള്ളുന്നതിനെതിരെ
പ്രതിഷേധവുമായി നാട്ടുകാർ. വേങ്ങൂർ പത്താം വാർഡിൽ വൃന്ദാവൻ ഗാർഡന് സമീപത്തെ പറമ്പിലാണ് മാലിന്യം തള്ളുന്നത്.
തുറവൂർ പഞ്ചായത്ത് പരിധിയിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് മാലിന്യം നിക്ഷേപിക്കുന്നത്. അങ്കമാലി നഗരസഭയുടെ അതിർത്തി പ്രദേശംകൂടിയാണ് ഇവിടം. സ്ഥലം ഉടമ വളർത്തുന്ന പോത്തുകൾക്കുള്ള തീറ്റ എന്ന പേരിലാണ് വാഹനത്തിൽ മാലിന്യം എത്തിക്കുന്നത്. പോത്തുകളെ പറമ്പിൽ അഴിച്ചുവിട്ടിരിക്കുന്നതും നാട്ടുകാരെ ഭയപ്പെടുത്തുന്നു. പഴകിയ ഭക്ഷ്യസാധനങ്ങളും പച്ചക്കറിമാലിന്യവുമെല്ലാം പറമ്പിൽ കൊണ്ടുവന്ന് തള്ളുന്നുണ്ട്. ഇവ ചീഞ്ഞ രൂക്ഷ ഗന്ധം കാരണം സമീപവാസികൾക്ക് വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കൊതുകിന്റെയും ഈച്ചയുടെയും ശല്യവും വർദ്ധിച്ചുകഴിഞ്ഞു. മഴക്കാലമായതിനാൽ പകർച്ച വ്യാധികൾ പിടിപെടുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. കിണറുകളിലെ വെള്ളം മലിനമാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. വാർഡ് കൗൺസിലറും വേങ്ങൂർ ടെമ്പിൾ ടൗൺ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരുടെ ബുദ്ധിമുട്ട് സ്ഥലം ഉടമയുടെ
ശ്രദ്ധയിൽപ്പെടുത്തിയിട്ടും മാലിന്യം തള്ളുന്നത് അവസാനിപ്പിക്കാൻ കൂട്ടാക്കുന്നില്ല. മാലിന്യം തള്ളുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ അങ്കമാലി നഗരസഭയ്ക്കും തുറവൂർ പഞ്ചായത്തിനും പരാതി നൽകിയിട്ടുണ്ട്.
ചിത്രം-അനധികൃതമായി വളർത്തുന്ന പോത്തുകൾ