
ഞാറക്കൽ: ലൈഫ് ഭവന പദ്ധതിയിൽ പ്രസിഡന്റ് ടി.ടി. ഫ്രാൻസിസ് മകന്റെ ഭാര്യയെ തിരുകി കയറ്റിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞാറക്കൽ പഞ്ചായത്ത് വികസന സെമിനാർ നടന്ന ഐലൻഡ് ക്ലബ്ബിലേക്ക് മാർച്ച് നടത്തി. കവാടത്തിൽ
സി ഐ രാജൻ കെ. അരമനയുടെ നേതൃത്വത്തിൽ പോലീസ് മാർച്ച് തടഞ്ഞു. വികസന സെമിനാർ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിലേക്ക് വികസനം കൊണ്ട് വരാനുള്ള ചർച്ചയാണെന്ന് നേതാക്കന്മാർ ആരോപിച്ചു. തുടർന്ന് നടന്ന ഉപരോധ സമരം പഞ്ചായത്ത് ഉദ്യോഗസ്ഥരെയും ഭരണപക്ഷ അംഗങ്ങളെയും കവാടത്തിന്റ മുന്നിൽ തടഞ്ഞതിനെ തുടർന്ന് പോലീസുമായി സംഘർഷമായി. തുടർന്ന് ലാത്തി ചാർജ് ചെയ്തു. ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, റെനിൽ പള്ളത്ത്, ബിമൽ ബാബു എന്നിവർക്ക് പരിക്കേറ്റു.തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഞാറക്കൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ചിന് മണ്ഡലം പ്രസിഡന്റ് നിതിൻ ബാബു നേതൃത്വം നല്കി.പ്രതിപക്ഷ അംഗങ്ങളായ ഷിൽഡ റെബേരോ, വാസന്തി സജീവൻ, ആശ ടോണി, പ്രീതി ഉണ്ണികൃഷ്ണൻ,പ്രഷീല സാബു എന്നിവർ സെമിനാർ ബഹിഷ്കരിച്ച് സമരത്തിൽ അണിചേർന്നു.
ജില്ലാ ഭാരവാഹികളായ സ്വാതീഷ് സത്യൻ,രാജേഷ് ചിദംബരൻ,ശരത് ഡിക്സൺ, പി.ആർ. വിപിൻ,ഹൈബിൻ കടമകുടി,കെ.ആർ. രാഹുൽ ദേവ്, സി.വി. മഹേഷ് , എ. വി.വിനീഷ് , കെ.കെ. സുമേഷ്, അഖിൽ പീറ്റർ, അമൽ ജോർജ്, ജോസ്റ്റൺ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു