മൂവാറ്റുപുഴ: നഗരത്തിലെ ആസാദ് റോഡിന്റെ ശോച്യാവസ്ഥ യാത്രാദുരിതം സൃഷ്ടിക്കുന്നു. റോഡ് നവീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ അവഗണിക്കുകയാണ്.
കീച്ചേരിപടിയിൽ നിന്നാരംഭിച്ച് മുളവൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ അവസാനിക്കുന്ന ആറ് കിലോമീറ്റർ ദൂരം വരുന്ന റോഡ് മഴക്കാലമായതോടെ കുളമായ അവസ്ഥയിലാണ്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലൂടെ കാൽ നടയാത്രപോലും ദുസ്സഹമായിരിക്കുകയാണ്.
ബി.എം.ബി.സി.നിലവാരത്തിൽ റോഡ് നവീകരിക്കുമെന്ന് നേരത്തെ പ്രഖ്യാപനം വന്നിരുന്നു. റീബിൽഡ് കേരളയിൽപ്പെടുത്തി 3.50 കോടി രൂപ അനുവദിച്ചെന്നും വാർത്തകൾവന്നു. എന്നാൽ തുടർ നടപടികളൊന്നുമുണ്ടായില്ല. മൂവാറ്റുപുഴ നഗരസഭയിലൂടെയും പായിപ്ര പഞ്ചായത്തു പ്രദേശങ്ങളിലൂടേയും കടന്നുപോകുന്ന റോഡിന്റെ ഒരു ഭാഗം ജില്ലാ പഞ്ചായത്തിനു കീഴിലാണ്. നിലവിൽ, ജില്ലാ പഞ്ചായത്തിനു കീഴിലെ മൂന്ന് കിലോമീറ്റർദൂരം പൂർണ്ണമായി തകർന്ന അവസ്ഥയിലാണ്. സമീപ ഭാഗങ്ങളിലെ മുഴുവൻ റോഡുകളും നവീകരിച്ചെങ്കിലും നിരവധിപേർ സഞ്ചരിക്കുന്ന ആസാദ് റോഡിന്റ വികസനം മാത്രം യാഥാർത്ഥ്യമാകാതെ അവശേഷിക്കുന്നു. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അതല്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.