വൈപ്പിൻ: ഞാറക്കൽ പഞ്ചായത്ത് വികസന സെമിനാർ നടന്ന ഐലൻഡ് ക്ലബ്ബിലേക്ക് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ലൈഫ് ഭവന പദ്ധതിയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ മകന്റെ ഭാര്യയെ ഉൾപ്പെടുത്തിയെന്നാരോപിച്ചായിരുന്നു പ്രതിഷേധ മാർച്ച്.
ഞാറക്കൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. പൊലീസുമായുള്ള സംഘർഷത്തിൽ ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, റെനിൽ പള്ളത്ത്, ബിമൽ ബാബു എന്നിവർക്ക് പരിക്കേറ്റതായി പ്രവർത്തകർ ആരോപിച്ചു.
മണ്ഡലം പ്രസിഡന്റ് നിതിൻ ബാബു മാർച്ചിന് നേതൃത്വം നൽകി. പ്രതിപക്ഷ അംഗങ്ങളായ ഷിൽഡ റെബേരോ, വാസന്തി സജീവൻ, ആശ ടോണി, പ്രീതി ഉണ്ണിക്കൃഷ്ണൻ,പ്രഷീല സാബു എന്നിവർ സെമിനാർ ബഹിഷ്‌കരിച്ച് സമരത്തിൽ പങ്കെടുത്തു. രാജേഷ് ചിദംബരൻ, ശരത് ഡിക്‌സൺ, സ്വാതീഷ് സത്യൻ, പി. ആർ. വിപിൻ, ഹൈബിൻ കടമകുടി,കെ. ആർ. രാഹുൽ ദേവ്, സി. വി. മഹേഷ്, എ. വി. വിനീഷ്, കെ. കെ. സമേഷ്, അഖിൽ പീറ്റർ, അമൽ ജോർജ്, ജോസ്റ്റൺ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.