ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിലെ പോർവിളി കയ്യേറ്റത്തിന്റെ വക്കോളമെത്തി. പ്രതിപക്ഷ അംഗങ്ങൾക്ക് പിന്തുണയുമായി സി.പി.എം പ്രവർത്തകരെത്തിയത് സംഘർഷം രൂക്ഷമാക്കി.
കോൺഗ്രസ് ഭരിക്കുന്ന ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഭവം. യോഗം ആരംഭിച്ചയുടൻ അറിയിപ്പും അജണ്ടയും കൃത്യമായി ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കെ. ദിലീഷ് ആരോപിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഭരണപക്ഷവും നിലപാട് സ്വീകരിച്ചതോടെ യോഗം ബഹളമയമായി. തുടർന്ന് പ്രതിപക്ഷത്തെ ആറ് അംഗങ്ങളും യോഗം ബഹിഷ്കരിച്ചു. 15 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എ. നാസറിന്റെയും ഏരിയ കമ്മിറ്റി അംഗം കെ.എ. അലിയാരുടെയും നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങളും സി.പി.എം പ്രവർത്തകരുമെത്തി പ്രതിഷേധിച്ചു. ഇതോടെ യോഗം അലങ്കോലമായി. ബഹളം കൈയ്യാങ്കളിയുടെ വക്കോളമെത്തി.
ഏറെ നേരത്തെ പ്രതിഷേധത്തിന് ശേഷം പ്രതിപക്ഷ അംഗങ്ങളും സി.പി.എം പ്രവർത്തകരും പഞ്ചായത്ത് ഓഫീസിന് മുമ്പിൽ കുത്തിയിരുന്നു. പി.എ. നാസർ, കെ.എ. അലിയാർ, കെ. ദിലീഷ്, എം.ടി. ബാബു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ഭരണസമിതിയിൽ അഴിമതിയും ധൂർത്തുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അഴിമതിക്ക് വേണ്ടിയാണ് കമ്മിറ്റി യോഗം പ്രതിപക്ഷ അംഗങ്ങളെ കൃത്യമായി അറിയിക്കാത്തതെന്നും ആരോപിച്ചു. അതിക്രമിച്ച് കയറി പഞ്ചായത്ത് കമ്മിറ്റി യോഗം അലങ്കോലമാക്കിയതായി ആരോപിച്ച് സി.പി.എം നേതാക്കൾക്കെതിരെ ആലുവ പൊലീസിൽ പ്രസിഡന്റ് രാജി സന്തോഷ് രേഖാമൂലം പരാതി നൽകി.
ജനകീയ ഹോട്ടൽ നടത്തിപ്പ് അജണ്ടയാക്കിയതിലെ വിരോധമെന്ന് ഭരണപക്ഷം
പ്രതിപക്ഷ വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ ഹോട്ടൽ നടത്തിപ്പ് പഞ്ചായത്ത് കമ്മിറ്റി അജണ്ടയായി ഉൾപ്പെടുത്തിയതിന്റെ വിരോധമാണ് ബഹളത്തിന് കാരണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ബാബു പുത്തനങ്ങാടി ആരോപിച്ചു. ജനകീയ ഹോട്ടലിന്റെ ചുമതലയുള്ള അംഗത്തിന്റെ വാർഡിലാണ് മധ്യവയസ്കൻ ദിവസങ്ങളോളം ഭക്ഷണം ലഭിക്കാതെ കിടന്നത്. നിർദ്ധനരായ 10 ശതമാനം പേർക്ക് ഭക്ഷണം നൽകണമെന്ന സർക്കാർ നിർദ്ദേശവും ഇവർ നടപ്പാക്കിയിരുന്നില്ല. അതിനാലാണ് അജണ്ടയായി ഉൾപ്പെടുത്തിയത്.
ഭക്ഷണം നൽകാത്തത് രോഗിയുടെ ബന്ധുക്കളുടെ നിർദ്ദേശപ്രകാരമെന്ന് പ്രതിപക്ഷം
കഴിഞ്ഞ ഒന്നര വർഷത്തോളം ഇതേരോഗിക്ക് ജനകീയ ഹോട്ടലിൽ നിന്നാണ് ഭക്ഷണം നൽകിയതെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി പി.എ. നാസർ പറഞ്ഞു. പിന്നീട് ബന്ധുക്കൾ സ്വകാര്യ കാറ്ററിംഗ് സ്ഥാപനത്തെ ഭക്ഷണം നൽകാൻ ചുമതലപ്പെടുത്തിയതിനെ തുടർന്നാണ് ജനകീയ ഹോട്ടലിൽ നിന്നും ഭക്ഷണം നൽകാതായത്. കാറ്ററിംഗ് സ്ഥാപനത്തിന് പണം ലഭിക്കാതായപ്പോൾ അവർ ഭക്ഷണം നൽകാതായത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇതേരോഗിയുടെ സാഹചര്യം ചൂണ്ടിക്കാട്ടി ജനുവരിയിൽ പഞ്ചായത്ത് അംഗങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ വാർഡ് അംഗം കുറിപ്പിട്ടിരുന്നു.