mamalakkandam

കൊച്ചി: ഭൂതത്താൻകെട്ടിലെ ബോട്ടു യാത്ര, ആനക്കുളത്തെ കാട്ടാനക്കാഴ്ചകൾ, ലക്ഷ്മി എസ്റ്റേറ്റിലെ തേയില ഭംഗി, മാമലക്കണ്ടവും കുട്ടമ്പുഴയും മാങ്കുളവും തുടങ്ങിയ ദൃശ്യ മനോഹാരിത ഉൾപ്പെടുത്തി കെ.എസ്.ആർ.ടി.സി ഒരുക്കിയ കോതമംഗലം- മൂന്നാർ ജംഗിൾ സഫാരി വൻ വിജയം.

അങ്ങനെ, 197 ട്രിപ്പുകളിലായി 9,697 പേരാണ് പ്രകൃതിയോടലിഞ്ഞ് കോതമംഗലം- മൂന്നാർ യാത്രയുടെ രസമറിഞ്ഞത്. 51,20,384 രൂപയാണ് കെ.എസ്.ആർ.ടി.സി ഇതിലൂടെ നേടിയത്. ഇതുവരെയുള്ള സർവീസ് 45,200 കിലോമീറ്റർ സഞ്ചരിച്ചു കഴിഞ്ഞു. ഡീസൽ ചെലവും ശമ്പളവും മറ്റ് ചെലവുകളുമെല്ലാം കഴിഞ്ഞ് മേയ് വരെ ലാഭം 25,20,129 രൂപ. 2021 നവംബർ 28നാണ് ജംഗിൾ സഫാരി തുടങ്ങിയത്. ഒരു ബസിൽ നിന്നായിരുന്നു തുടക്കം. പിന്നീടത് ദിവസവും ഏഴ് ബസുകൾ എന്ന കണക്കിലെത്തി.

കോതമംഗലത്ത് നിന്ന് ബസിൽ ഭൂതത്താൻകെട്ടിൽ എത്തുകയും ഭൂതത്താൻകെട്ടിൽ നിന്ന് ബോട്ടിലൂടെ യാത്ര ചെയ്ത് തട്ടേക്കാട് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കണ്ട് തട്ടേക്കാട് ഇറങ്ങുകയും ചെയ്യും. ഇവിടെ നിന്ന് വീണ്ടും കെ.എസ്.ആർ.ടിസിയിൽ കുട്ടമ്പുഴ, മാമലക്കണ്ടം മാങ്കുളം, ആനക്കുളം, പെരുമ്പൻകുത്ത് എന്നീ സ്ഥലങ്ങൾ വഴി പെരുമ്പൻകുത്തിന് സമീപമുളള റിസോർട്ടിൽ ഉച്ചഭക്ഷണത്തിനെത്തും. ഇവിടെ നിന്ന് ലക്ഷ്മി എസ്റ്റേറ്റിലൂടെ മൂന്നാറിലേക്ക്. ആദ്യം ബോട്ട് യാത്രയും ആനക്കുളം സന്ദർശനവും പാക്കേജിൽ ഉണ്ടായിരുന്നില്ല. യാത്ര കൂടുതൽ ആകർഷകമാക്കുന്നതിന്റെ ഭാഗമായാണ് അവ ഉൾപ്പെടുത്തിയത്.

ബോട്ട് യാത്ര കൂടി ഉൾപ്പെടുത്തിയതോടെ ജംഗിൾ സഫാരിയുടെ നിരക്ക് 550ൽ നിന്ന് 700ലെത്തി. ഉച്ചഭക്ഷണവും വൈകിട്ട് ചായയും ഉൾപ്പെട്ടതാണ് പാക്കേജ്. രാവിലെ എട്ടിന് ആരംഭിക്കുന്ന യാത്ര രാത്രി 10ന് സമാപിക്കും. മടക്കയാത്ര മൂന്നാർ -ആലുവ റോഡ് വഴിയാണ്.

ആകെ ട്രിപ്പ്- 197
യാത്രക്കാർ- 9,697
വരുമാനം- 51,20,384
ജംഗിൾ സഫാരി കിലോമീറ്റർ ഇതുവരെ- 45,200
ലാഭം- 25,20,129
സമയം- 8എ.എം- 10പി.എം
നിരക്ക്- 700

യാത്രയ്ക്ക് തയാറെടുക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യണം. ബുക്കിംഗിന് : 94479 84511, 94465 25773.