കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾക്ക് മുന്നിൽ മഹിളാ ഐക്യവേദിയുടെ നേതൃത്വത്തിൽ നാളെ (ജൂൺ 29) ഭക്തജന മഹിളാധർണ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് നിഷ സോമൻ, ജനറൽ സെക്രട്ടറി ഷീജ ബിജു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ക്ഷേത്രങ്ങളിൽ 'വാദ്യത്തോടൊപ്പം വിദ്യയും" വേണം, ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ മതപാഠശാലകൾ ആരംഭിക്കണം, നിലവിലുള്ള മതപാഠശാലകളെ സക്രിയമാക്കണം, സിലബസ് തയ്യാറാക്കാൻ പണ്ഡിതന്മാരുടെയും ആചാര്യന്മാരുടെയും സമിതിയെ നിയോഗിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെ ധർണ നിഷ സോമൻ ഉദ്ഘാടനം ചെയ്യും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി അഡ്വ.അഞ്ജനാദേവി മുഖ്യപ്രഭാഷകയാകും.

തൃശൂരിലെ കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഷീജ ബിജു ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ മുഖ്യപ്രഭാഷണം നടത്തും. കോഴിക്കോട് മലബാർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അനിതാ ജനാർദ്ദനൻ ഉദ്ഘാടകയാകും.