മൂവാറ്റുപുഴ: ആയവനയിലെ പാലം പൊളിച്ചിട്ട് ആറ് മാസം കഴിഞ്ഞിട്ടും പുതിയതിന്റെ നിർമ്മാണം വൈകുന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. പാലം പണി മുടങ്ങിയത് ആയിരക്കണക്കിനുപേരെയാണ് ബാധിച്ചിരിക്കുന്നത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത ആയവന വാച്ച് സ്റ്റേഷൻ ഏനനെല്ലൂർ റോഡിന്റെ നിർമ്മാണത്തിന് 3.50 കോടി രൂപ അനുവദിച്ചിരുന്നു. നാല് കിലോമീറ്റർ റോഡ് ബി.എംബി.സി നിലവാരത്തിൽ പണിയുന്നതിനും തോടിനു കുറുകെയുള്ള ഇടുങ്ങിയ പാലം പൊളിച്ച് പുതിയത് നിർമ്മിക്കുന്നതിനുമാണ് തുക അനുവദിച്ചത്. ടാറിംഗ് ജോലികൾ പൂർത്തിയായെങ്കിലും പാലം പണി അനിശ്ചിതത്ത്വത്തിലായി.ആയവന പള്ളിത്താഴത്ത് നിന്ന് തുടങ്ങുന്ന റോഡ് രണ്ടാർ വഴി മൂവാറ്റുപുഴയിലേക്കുള്ള എളുപ്പ മാർഗമാണ്. ആയിരക്കണക്കിനാളുകൾ ദിനംപ്രതി റോഡ് ഉപയോഗിക്കുന്നു. ആയവനപളളി കവലക്ക് സമീപം റോഡിന് താഴെ കുറുകെ വലിയതോട് കടന്നുപോകുന്നുണ്ട്.തോടിനു കുറകെ പണിതിരുന്ന പതിറ്റാണ്ടുകളുടെ പഴക്കമുള്ള നാല് മീറ്റർ മാത്രം വീതി ഉള്ള പാലം കലാഹരണപ്പെട്ടതിനെ തുടർന്നാണ് പുതിയത നിർമ്മിക്കാൻ തുക വകയിരുത്തിയത്. ബലക്ഷയം വന്ന പാലം പൊളിച്ചുനീക്കുകയുംചെയ്തു. എന്നാൽ പിന്നീട് പണി നടന്നില്ല. നിർമ്മാണം സ്തംഭിച്ചത് ജന രോഷത്തിന് കാരണമായിട്ടുണ്ട്. കാൽനടയാത്രക്കും ഇരുചക്രവാഹന യാത്രയ്ക്കുമായി തോടിന് കുറുകെ താൽക്കാലിക ഇരുമ്പ് പാലം പണിതു എന്നുള്ളതാണ് ഏക ആശ്വാസം.

പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡിന്റെ നിർമാണം ഏറ്റെടുത്ത കരാറുകാരൻ പ്രവൃത്തി നിർത്തിവച്ചിരിക്കുകയാണ്. ജനപ്രതിനിധികളുടെ അലംഭാവം മൂലം പദ്ധതി മുന്നോട്ട് പോകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.