
തൃപ്പൂണിത്തുറ: ഉദയംപേരൂർ പ്രിയ സ്റ്റീൽസ് എന്ന സ്ഥാപനത്തിൽ നിന്ന് അഞ്ചുലക്ഷം രൂപയുടെ ഇരുമ്പ് കമ്പികൾ വാങ്ങി പണംനൽകാതെ മുങ്ങിയ പ്രതിയെ മലപ്പുറത്തുനിന്ന് പിടികൂടി. ഓൺലൈനായി പണംകൈമാറിയെന്ന് തെറ്റിദ്ധരിപ്പിച്ചശേഷം ഇയാൾ മുങ്ങുകയായിരുന്നു.
കൊണ്ടോട്ടി പുളിക്കൽ അന്തിയൂർകുന്ന് ഫസാന മൻസിലിൽ അബ്ദുൾ സലാമിന്റെ മകൻ മുജീബ് റഹ്മാനാണ് (41) അറസ്റ്റിലായത്. അക്കൗണ്ടിൽ പണം എത്താതിരുന്നതിനെ തുടർന്ന് സ്ഥാപനഉടമ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് ഉദയംപേരൂർ പൊലീസിൽ പരാതി നൽകി. പ്രതിക്കെതിരെ സമാനകുറ്റങ്ങൾക്ക് സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.