
ആലുവ: ആലുവ തായിക്കാട്ടുകരയിൽ റെയിൽവേ ഗേറ്റ് അടക്കാത്തതിനാൽ ഇരുവശത്തുമായി രണ്ട് ട്രെയിനുകൾ ഒരേസമയം പിടിച്ചിട്ടു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. പാലക്കാട് - പുനലൂർ പാലരുവി ട്രെയിനും കന്യാകുമാരി - ബംഗളൂരു ഐലൻഡ് എക്‌സ്‌പ്രസുമാണ് ഗേറ്റിന്റെ 50 മീറ്റർ മുമ്പായി 15 മിനിട്ടോളം പിടിച്ചിട്ടത്.
ഈ സമയത്തും റെയിൽവേ ഗേറ്റ് തുറന്നുകിടന്നതിനാൽ പാളത്തിന് കുറുകെ യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്നുണ്ടായിരുന്നു. വഴിയാത്രക്കാർ പറഞ്ഞപ്പോഴാണ് ഗേറ്റ് കീപ്പർ വിവരമറിയുന്നത്. തുടർന്ന് ഗേറ്റ് പൂട്ടി ട്രെയിനുകൾ കടന്നുപോകാൻ സൗകര്യമൊരുക്കുകയായിരുന്നു. ട്രെയിൻ വരുന്ന സന്ദേശം തനിക്ക് ലഭിച്ചില്ലെന്നാണ് ഗേറ്റ് കീപ്പർ പ്രതികരിച്ചത്. പ്രതികരിക്കാൻ റെയിൽവേ അധികൃതർ തയ്യാറായില്ല.