മൂവാറ്റുപുഴ : ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് റോഡിലേയ്ക്ക് വീണ മെറ്റലുകൾ അഗ്നിശമന രക്ഷാസേനയെത്തി നീക്കം ചെയ്തു. മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിനു സമീപം ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. ചാലിക്കടവ് ഭാഗത്തു നിന്നും കിഴക്കേക്കരയിലേക്ക് മെറ്റലുമായി വന്ന ലോറിയുടെ പിൻവാതിലിന്റെ ലോക്ക് തകരാറായതിനെ തുടർന്ന് മെറ്റലുകൾ റോഡിലേയ്ക്ക് പതിക്കുകയായിരുന്നു. ഏകദേശം അമ്പതടിയോളം നീളത്തിൽ മെറ്റൽ റോഡിൽ വീണു. ഇതോടെ ഈ വഴിക്കുള്ള ഗതാഗതവും നിലച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട ലോറി ഡ്രൈവർ വാഹനം ഒതുക്കിനിർത്തി ചൂലുപയോഗിച്ച് ഇവ നീക്കം ചെയ്യാനാരംഭിച്ചു. എന്നാൽ ഇത് ഉടനടി തീരില്ലെന്ന് മനസിലാക്കിയ നാട്ടുകാർ അഗ്നിശമന രക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ മൂവാറ്റുപുഴ അഗ്നിശമന രക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി വെള്ളമടിച്ച് റോഡ് വൃത്തിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചു.