കൊച്ചി: ഏഴു ദിവസം നീളുന്ന ഞാറ്റുവേല ഫെസ്റ്റിവലിന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ഇന്ന് തുടക്കമാവും. മൂഴിക്കുളംശാല, ഇന്ത്യൻ ഹെറിറ്റേജ് ആൻഡ് മ്യൂസിയം ഫീൽഡ് സ്കൂൾ, പ്രാർത്ഥന ഫൗണ്ടേഷൻ തുടങ്ങി വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് കൃഷി, പരിസ്ഥിതി സംരക്ഷണം എന്നിവ കോർത്തിണക്കിയ കാർഷികമേള ഒരുക്കിയിരിക്കുന്നത്.

കേരളത്തിന്റെ നെല്ളച്ഛൻ ചെറുവയൽ രാമൻ ഇന്ന് വൈകിട്ട് ആറിന് മേള ഉദ്ഘാടനം ചെയ്യും. കോഴിമല രാജാവ് രാജൻ രാമൻ മാന്നാൻ, സൈക്കിൾ യജ്ഞ കലാകാരനായ കമറുദ്ദീൻ, ഡോ.ശീതൾ രാജഗോപാലൻ, കിള്ളിമംഗലം പുൽപ്പായ സഹകരണസംഘത്തിലെ തൊഴിലാളി വി.കെ. ഷീജ, ഡോ. എം.പി. മത്തായി എന്നിവർ അതിഥികളാകും. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് പി. പ്രകാശ് അദ്ധ്യക്ഷനാകും.

മേളയോട് അനുബന്ധിച്ച് പ്രദർശനം, ശില്പശാലകൾ,സെമിനാറുകൾ, പ്രഭാഷണങ്ങൾ, പരിശീലനക്കളരികൾ, ഭക്ഷ്യമേള, നാടൻ കലകൾ എന്നിവ സംഘടിപ്പിക്കും. ഫലവൃക്ഷത്തൈകൾ, വിത്തുകൾ, നടീൽവസ്തുക്കൾ, കമ്പുകൾ, തണ്ടുകൾ, ചെടികൾ, കിഴങ്ങുകൾ എന്നിവ മേളയിൽ അണിനിരത്തും. തെങ്ങ്, കവുങ്ങ്, മാവ്, പ്ളാവ്, ജാതി, റംബുട്ടാൻ എന്നിവയുടെ തൈകളും വളം, ജൈവ മരുന്നുകൾ, ചട്ടികൾ, ഗ്രോബാഗുകൾ, കാർഷികോപകരണങ്ങൾ എന്നിവയും വാങ്ങാം. മഴസംഗീതം, മുളസംഗീതം, മുടിയേറ്റ്, കൂടിയാട്ടം, നാടൻപാട്ട്, തോൽപാവ കൂടത്ത്, കളരിപ്പയറ്റ്, ഗ്രീൻമാജിക് തുടങ്ങി വിവിധ കലാപരിപാടികൾ ദിവസവും അരങ്ങേറും.

കുരുത്തോല ഉത്പന്നങ്ങൾ, പുല്പായ, തഴപ്പായ, ബഡ് ചെയ്ത ഫലവൃക്ഷത്തൈകൾ, കളിമൺ ഉത്പന്നങ്ങൾ, നാട്ടു ഭക്ഷണം എന്നിങ്ങനെ വൈവിദ്ധ്യമാർന്ന സ്റ്റാളുകളും മേളയുടെ ഭാഗമാകും.