കൊച്ചി: 'മാന്യമായ ശമ്പളം ലഭിച്ചിരുന്ന കാലത്ത് കുടുംബസ്വത്തായി ലഭിച്ച സ്ഥലത്ത് ഇരുനില വീടു നിർമ്മിക്കാൻ തോന്നിയ നിമിഷത്തെ ശപിക്കുകയാണ്. വീടിന് ആഡംബര നികുതി നൽകുന്നുണ്ട്. അതിനുപുറമെ മെട്രോയുടെ പരിസരത്ത് താമസിക്കുന്നതിന് അധിക നികുതി കൂടി നൽകേണ്ടി വരുമെന്നു കേട്ടതോടെ നെഞ്ചിൽ തീയാണ് . ഇടപ്പള്ളിയിൽ താമസിക്കുന്ന സുരേഷ്, സീന ദമ്പതികൾ പറഞ്ഞു. ഇരുവരും വിശ്രമജീവിതത്തിലാണ്. പെൻഷനില്ല. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽരഹിതനായ മകനും കുടുംബത്തെ സഹായിക്കാൻ കഴിയുന്ന അവസ്ഥയിലല്ല. തലമുറകളായി കൊച്ചിയിൽ താമസിക്കുന്ന തങ്ങളെ മെട്രോയുടെ പേരിൽ ശിക്ഷിക്കുന്നത് അനീതിയാണെന്ന് ദമ്പതികൾ പറയുന്നു.
മെട്രോ ലൈനിന് ഇരുവശത്തുമുള്ള കെട്ടിടങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. 2018-19 ൽ ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് അവതരിപ്പിച്ച ബഡ്ജറ്റിൽ മെട്രോ പരിധിയിൽ താമസിക്കുന്നവർക്ക് സെസ് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും തുടർനടപടികളുണ്ടായില്ല.
കൊവിഡ് മഹാമാരി മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ കെട്ടിട നികുതി വർദ്ധിപ്പിക്കുന്നതും മെട്രോ കടന്നു പോകുന്ന വഴിയിൽ ആഡംബര നികുതി ഏർപ്പെടുത്തുന്നതും ജനദ്രോഹ നടപടിയാണെന്ന് മെട്രോ കൊച്ചി വികസന സമിതി യോഗം അഭിപ്രായപ്പെട്ടു.
ശുപാർശ നൽകിയത്
കെ.എം.ആർ.എൽ
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) ആണ് പുതിയ നികുതി നിർദ്ദേശം സർക്കാരിന് നൽകിയത്. ആലുവ മുതൽ തൃപ്പൂണിത്തുറ എസ്.എൻ ജംഗ്ഷൻ വരെ മെട്രോ ലൈനിന്റെ ഇരുവശത്തുമായി ഒരു കിലോമീറ്റർ ദൂരത്ത് ആഡംബര നികുതി ഏർപ്പെടുത്തണമെന്നാണ് ശുപാർശ. വാല്യു ക്യാപ്ച്ചർ ഫിനാൻസ് (വി. പി.എഫ്) പ്രകാരമാണ് പുതിയ നീക്കം. വമ്പൻ പദ്ധതികളുടെ ഫലമായി മുഖഛായ മാറിയ നഗര പ്രദേശങ്ങളിലാണ് വി.പി.എഫ് സാധാരണയായി ഏർപ്പെടുത്തുന്നത്. പിന്നാക്ക പ്രദേശങ്ങളുടെ വികസനത്തിനായി ഈ തുക ചെലവഴിക്കണമെന്നാണ് നിയമം.
ജനങ്ങളെ വികസന
വിരുദ്ധരാക്കരുത്
വൻ പദ്ധതി വന്നുവെന്നു പേരിൽ ജനങ്ങളെ പിഴിയുന്നത് അനീതിയാണ്. ഇപ്പോൾ തന്നെ നികുതിയിനത്തിൽ കോർപ്പറേഷൻ കനത്ത തുക ഈടാക്കുന്നുണ്ട്. കൊവിഡ് ദുരിതങ്ങൾ തുടരുന്നതിനിടെ വീണ്ടും നികുതി അടിച്ചേൽപ്പിക്കാനുള്ള നീക്കം അനുവദിക്കില്ല.
ആന്റണി കുരിത്തറ
പ്രതിപക്ഷ നേതാവ്
നികുതി വർദ്ധനയെ കുറിച്ച് സർക്കാരിൽ നിന്ന് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് മേയർ എം. അനിൽകുമാർ പറയുന്നു
ആഡംബര നികുതി നിയമ വിരുദ്ധം