adarsha

കൊച്ചി: സംരംകത്വം വിദ്യാർത്ഥികളിൽ വളർത്താൻ 'ടൈ' ആവിഷ്‌കരിച്ച ആഗോളമത്സരത്തിൽ കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിലെ നാലംഗ സംഘത്തിന് ഒന്നാം സ്ഥാനം. 4,500 അമേരിക്കൻ ഡോളറും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും.

പുറംവേദന മുൻകൂട്ടി കണ്ടെത്താനും പ്രതിരോധിക്കാനും കഴിയുന്ന 'സിറ്റ്‌ലൈൻ' എന്ന ഉപകരണമാണ് അനശ്വര രമേഷ്, ദക്ഷിണ ചാരുചിത്ര, ആദിത്യ ദിനേശ്, മനോജ് കെ. എന്നിവർ വികസിപ്പിച്ചത്. ഇരിക്കുന്ന കസേരയിൽ ഘടിപ്പിക്കാൻ കഴിയുന്ന വിധമാണ് ഉപകരണം രൂപകല്പന ചെയ്തത്. നിരവധി പഠനങ്ങൾക്ക് ശേഷമാണ് ഉപകരണം വികസിപ്പിച്ചത്. 80 ശതമാനം പേർക്കും നടുവേദന പ്രശ്നമായ സാഹചര്യത്തിലാണ് ഇത്തരം ഉപകരണത്തെപ്പറ്റി ആലോചിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. യംഗ് എന്റർപ്രണേഴ്സ് മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്ന് അവസാന ആറു ടീമുകളിലാണ് കൊച്ചിയിലെ വിദ്യാർത്ഥികൾ ഉൾപ്പെട്ടത്.

സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ടൈ എന്ന സംഘടനയുടെ കേരള ഘടകമാണ് വിദ്യാർത്ഥികളെ മത്സരത്തിന് സജ്ജമാക്കിയത്. വിവിധ സ്കൂളുകളിൽ പ്രാഥമിക മത്സരം നടത്തിയാണ് ഭവൻസിന്റെ ടീമിനെ തിരഞ്ഞെടുത്തത്. 12 സ്കൂൾ ടീമുകളാണ് കേരളത്തിലെ മത്സരത്തിൽ പങ്കെടുത്തത്. സംരംഭകരും സ്റ്റാർട്ടപ്പ് അധികൃതരുമുൾപ്പെടെ വിദ്യാർത്ഥികൾക്ക് ക്ളാസുകളും പരിശീലനവും നൽകിയാണ് ഉത്പന്നം രൂപകല്പന ചെയ്യാൻ പ്രോത്സാഹനം നൽകിയതെന്ന് ടൈ യംഗ് എന്റർപ്രണേഴ്സ് ചെയർമാൻ വിനോദിനി സുകുമാരൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ടൈ കേരള മുൻ പ്രസിഡന്റുമാരായ അജിത് മൂപ്പൻ, ജോൺ കെ. പോൾ, ഭവൻസ് സ്കൂൾ പ്രിൻസിപ്പൽ കെ. സുരേഷ്, ടൈ കേരള എക്സിക്യുട്ടീവ് ഡയറക്ടർ അരുൺ നായർ എന്നിവരും പങ്കെടുത്തു.

അതുല്യമായ നേട്ടമാണ് വിദ്യാർത്ഥികൾ കൈവരിച്ചത്. ഭാവിയിൽ ഉത്പന്നം വാണിജ്യാടിസ്ഥാനത്തിൽ തയ്യാറാക്കാൻ സംരംഭക, നിക്ഷേപ സാദ്ധ്യതകളും ടീമിന് ലഭിക്കും.

അനിഷ ചെറിയാൻ

പ്രസിഡന്റ്

ടൈ കേരള