vijay-babu

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ പൊലീസ് രണ്ടാംദിവസവും ചോദ്യംചെയ്ത് വിട്ടയച്ചു.

രാവിലെ ഒമ്പതോടെ എറണാകുളം സൗത്ത് പൊലീസിന് മുന്നിൽ ഹാജരായ വിജയ് ബാബുവിനെ രണ്ട് മണിക്കൂറോളം ചോദ്യംചെയ്ത ശേഷം കൊച്ചിയിലെ രണ്ട് ആഡംബരഹോട്ടലുകളിൽ എത്തിച്ച് തെളിവെടുത്തു. യുവനടിയുടെ പരാതിയിൽ പറഞ്ഞ പനമ്പള്ളി നഗറിലെ ഫ്ളാറ്റിൽ കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. മുൻകൂർജാമ്യം ലഭിച്ചതിനാൽ വൈകിട്ട് ആറോടെ വിട്ടയച്ചു.

മൂന്നാംതീയതിവരെ കസ്റ്റഡിയിൽ ചോദ്യംചെയ്യാനും കോടതി അനുമതിയുണ്ട്. അതിനാൽ രാവിലെ ഒമ്പതുമുതൽ വൈകിട്ട് ആറുവരെ ചോദ്യംചെയ്യലിന് ഹാജരാകണം. യുവനടിയെ പീഡിപ്പിച്ചു, ഇരയുടെ പേരുവെളിപ്പെടുത്തി എന്നീ രണ്ടുകേസുകളാണ് വിജയ് ബാബുവിനെതിരെയുള്ളത്.