police

മൂവാറ്റുപുഴ: കച്ചേരിത്താഴത്തെ പൊലീസ് എയ്ഡ് പോസ്റ്റിന് ( പൊലീസ് കിയോസ്‌ക്) പുതിയ മുഖം നൽകുന്ന കെട്ടിടം സജ്ജമായി. ഏവരിലും കൗതുകം ഉണർത്തുംവിധം കെട്ടിടത്തിന്റെ മേൽക്കൂര പൊലീസ് തൊപ്പിയുടെ മാതൃകയിലാണ് നിർമിച്ചിട്ടുള്ളത്. ലയൺസ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ നഗരസഭയുടേയും മണപ്പുറം ഫൗണ്ടേഷന്റേയും സഹകരണത്തോടെയാണ് എയ്ഡ് പോസ്റ്റ് കെട്ടിടം നിർമിച്ചത്. പുതിയ എയ്ഡ് പോസ്റ്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 5ന് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് നിർവഹിക്കും.

മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി. പി എൽദോസ് അദ്ധ്യക്ഷത വഹിക്കും . ലയൺസ് ഡ്‌സ്ട്രിക്ട് ഗവർണർ വി. സി. ജെയിംസ് മുഖ്യപ്രഭാഷണം നടത്തും. മണപ്പുറം ഫൗണ്ടേഷൻ ചീഫ് എക്‌സിക്യുട്ടിവ് ഓഫീസർ ജോർജ് ഡി. ദാസ്, മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ബിനോയി മത്തായി, ലയൺസ് ഡിസ്ട്രിക്ട് സെക്രട്ടറി വി.എസ്.ജയേഷ്, മൂവാറ്റുപുഴ ഡിവൈ.എസ്.പി എസ്. മുഹമ്മദ് റിയാസ്, മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജശ്രി രാജു, മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ആർ. രാകേഷ്, മൂവാറ്റുപുഴ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ജോസ് വി. കാക്കനാട്ട്, ലയൺസ് ഗ്ലോബൽ വില്ലേജ് ക്ലബ്ബ് പ്രസിഡന്റ് യു. റോയി തുടങ്ങിയവർ പ്രസംഗിക്കും.

സൗകര്യങ്ങളൊന്നുമില്ലാതിരുന്ന പഴയ പൊലീസ് എയ്ഡ് പോസ്റ്റ് ലയൺസ് ക്ലബ്ബിന്റെ വകയായി അഞ്ചു ലക്ഷം രൂപ ചെലവിട്ട് നവീകരിച്ചാണ് അത്യാധുനിക കെട്ടിടം നിർമിച്ചത്. നഗരത്തിൽ സുഗമ ഗതാഗതം ഉറപ്പുവരുത്തുന്നതോടൊപ്പം കുറ്റകൃത്യങ്ങളും മോഷണവും നിയമലംഘനങ്ങളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് പതിറ്റാണ്ടു മുമ്പാണ് കച്ചേരിത്താഴത്ത് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. ഇരുപത്തിനാല് മണിക്കൂറും പൊതുജനത്തിന് പൊലീസ് സഹായം ലഭ്യമാക്കുകയെന്നതായിരുന്നു ലക്ഷ്യം. എന്നാൽ പലപ്പോഴും അതിന് സാധിച്ചിരുന്നില്ല. എയ്ഡ് പോസ്റ്റിൽ വേണ്ടത്ര സൗകര്യം ഇല്ലാതിരുന്നതാണ് പൂർണമായ പൊലീസ് സേവനത്തിന് തടസമായത്. പുതിയ കെട്ടിടത്തിലേക്ക് എയ്ഡ് പോസ്റ്റ് മാറ്റുമ്പോൾ നഗരത്തിലെ പൊലീസ് സംവിധാനം കൂടുതൽ ശക്തവും കാര്യക്ഷമവുമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.